ന്യൂഡൽഹി: 75 ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ രാജ്യം. കനത്ത സുരക്ഷയിലാണ് ഡൽഹിയിൽ ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തിയതോടെ ചടങ്ങുകൾ തുടങ്ങി. എല്ലാ സംസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. എല്ലായിടത്തും കനത്ത സുരക്ഷയാണ്.

7.30ഓടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചുമാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ച ആരോഗ്യപ്രവർത്തകർ, ശുചീകരണതൊഴിലാളികൾ, വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞർ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായികതാരങ്ങളേയും അവരുടെ നേട്ടത്തേയും രാജ്യം അഭിനന്ദിക്കുന്നു.

ഒളിമ്പിക്സ് വേദിയിലെ പ്രകടനത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല താരങ്ങൾ ചെയ്തതെന്നും ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര ദിനാഘോഷ വേദിയിൽ കൈയുർത്തി കൈയടിച്ച് ഒളിമ്പിക്‌സ് ജേതാക്കളെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു. സമാനതകളില്ലാത്ത അംഗീകാരമാണ് അവർക്ക് പ്രധാനമന്ത്രി നൽകിയത്. കോവിഡ് മഹാമാരിക്കിടയിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകൾ. ഒളിംപിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങൾ വിശിഷ്ടാതിഥികളായി എത്തിയെന്നതാണ് പ്രത്യേകത. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ 8-ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡൽഹി.

കാശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും മോദി പറഞ്ഞു. മഹാമാരികാലത്ത് വാക്‌സിനായി ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നില്ല. കോവിഡ് പ്രതിറോധത്തിന് മുന്നിൽ നിന്നവർക്ക് നന്ദി. സമര നേതാക്കളെ പേരെടുത്ത് പറഞ്ഞ് പ്രണമിച്ചാണ് തുടങ്ങിയത്. ഭാരതത്തിന് ദിശാബോധം നൽകിയത് നെഹ്‌റുവും സർദാർ പട്ടേലുമെന്ന് മോദി പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് നേരത്തെ അദ്ദേഹം ടിറ്ററിൽ സന്ദേശം പങ്കുവെച്ചിരുന്നു. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതു ഊർജം പകരുന്ന വർഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ സ്വാതന്ത്ര്യദിനം 'കിസാൻ മസ്ദൂർ ആസാദി സംഗ്രം ദിവസ്' ആയി ആചാരിക്കും. സമര കേന്ദ്രമായ ഡൽഹി അതിർത്തികളിലടക്കം രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിക്കും.11 മുതൽ 1 മണി വരെയാകും റാലി.

സിംഘു അതിർത്തിയിൽനിന്ന് 8 കിലോമീറ്റർ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. ട്രാക്ടറുകളിലും ബൈക്കുകളിലും ദേശീയപതാകയ്‌ക്കൊപ്പം കർഷക സംഘടനാ പതാകകളും കെട്ടിയാകും റാലി. ഡൽഹിക്കുള്ളിലേക്ക് റാലി കടക്കില്ലെന്ന് സംഘടന നേതാക്കൾ അറിയിച്ചു. ഹരിയാനയിലെ ജിന്ദിൽ ട്രാക്ടർ റാലി സംഘടിപ്പിക്കുന്ന കർഷകർ ഡൽഹിയിലേക്കുള്ള ദേശീയപാത ഉപരോധിക്കും.