പാക് അധീന കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പേരിൽ നെഞ്ചത്തടിക്കുന്നത് നിർത്താൻ മന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം. ഇതെക്കുറിച്ച് പറയാൻ ചുമതലപ്പെടുത്തിയവർ മാത്രം പറഞ്ഞാൽ മതിയെന്നും മോദി നിർദ്ദേശിച്ചു.

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനിടെയാണ് മോദി മന്ത്രിമാരുടെയും നേതാക്കളുടെയും അഭിപ്രായപ്രകടനങ്ങളെ വിമർശിച്ചത്. ആക്രമണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി കേന്ദ്രമന്ത്രി ഉമാ ഭാരതി, സംശയമുള്ളവർക്ക് പാക് പൗരത്വം സ്വീകരിക്കാമെന്ന് പറഞ്ഞത് വിവാദമായി. പാക്കിസ്ഥാൻ സേന ഇപ്പോഴും അനസ്‌തേഷ്യയിൽനിന്ന് ഉണർന്നിട്ടില്ല എന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെ അഭിപ്രായവും അനവസരത്തിലായി. ഇത്തരം പരാമർശങ്ങൾ, ആക്രമണം നടത്തിയതിലൂടെ ബിജെപിക്ക് കിട്ടിയ സ്വീകാര്യത ഇല്ലാതാക്കുമെന്നാണ് മോദിയുടെ ആശങ്ക.

ഉറിയിലെ ആക്രമണത്തിനുള്ള പ്രതികാരമാണ് മിന്നലാക്രമണം എന്ന നിലയ്ക്കുള്ള പരാമർശങ്ങൾ നടത്തരുതെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ശത്രുവിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം എന്നാണ് മോദി ആവശ്യപ്പെട്ടത്. ആക്രമണത്തിന്റെ പിറ്റേന്നും ബിജെപി നേതാക്കളോടും മന്ത്രിമാരോടും അതിരുകടന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ആരെയും കടന്നാക്രമിക്കുന്ന ചരിത്രം ഇന്ത്യക്കില്ലെന്ന നിലപാടിനാകണം പ്രാധാന്യം നൽകേണ്ടതെന്നും നിർദ്ദേശമുണ്ടായിരുന്നു.

കോഴിക്കോട് നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ സമാധാനത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ആഗ്രഹമാണ് മോദി പ്രധാനമായും ഊന്നിപ്പറഞ്ഞത്. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും അസ്ഥിരതയ്ക്കുമെതിരെയാണ് പോരാടേണ്ടതെന്ന് പാക്കിസ്ഥാൻ ജനങ്ങളെ പ്രസംഗത്തിനിടെ മോദി ഉപദേശിച്ചിരുന്നു. സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന ആശയത്തിനാകണം ഊന്നൽ നൽകേണ്ടതെന്നാണ് മന്ത്രിസഭാ യോഗത്തിലും മോദി എടുത്തു പറഞ്ഞ കാര്യം.