ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജകുടുംബാംഗങ്ങളും നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. പ്രോട്ടോക്കോൾ ലംഘിച്ചായിരുന്നു ഇത്.

അബുദാബിയിലെത്തിയ മോദി ഷെയ്ക് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക തട്ടിപ്പുകേസുകൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ യോജിച്ച് പ്രവർത്തിക്കാമെന്ന് യോഗത്തിൽ ധാരണയായി. ഇത്കൂടാതെ അഞ്ച് സുപ്രധാന കരാറുകളും ഒപ്പിട്ടതായി വിവരമുണ്ട്. ഇത് രണ്ടാം തവണയാണ് മോദി യു.എ.ഇയിലെത്തുന്നത്. യു.എ.ഇയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ 14 കരാറുകളിൽ ഒപ്പിടുമെന്നാണ് വിവരം.

ദുബായിൽ നടക്കുന്ന ആറാമത് ലോക ഗവൺമെന്റ് സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. മോദിയുടെ സന്ദർശനത്തെ തുടർന്ന് യു.എ.ഇയിലെ അംബരചുംബിയായ ബുർജ് ഖലീഫ, ദുബായ് ഫ്രൈം, അഡ്‌നോക് ആസ്ഥാനം എന്നിവ ഇന്ത്യയുടെ പതാക അണിഞ്ഞ് നിൽക്കുകയാണ്.

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലും ദുബായ് ഓപ്പറ ഹൗസിൽ നടക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ഇവിടെ വച്ച് യു.എ.ഇയിലെ ഇന്ത്യൻ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ ഒമാനിലും മോദി സന്ദർശനം നടത്തുന്നുണ്ട്.