ന്യൂഡൽഹി: ഫലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ? ആദ്യമായി ഒരിന്ത്യൻ പ്രധാനമന്ത്രി ഫലസ്തീനിലെത്തി എന്നതാണ് ഇതിന് ചരിത്രപ്രാധാന്യം നൽകുന്നതെന്നാണ് മാധ്യമങ്ങളും സർക്കാറും അവകാശപ്പെട്ടത്. സന്ദർശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു.

ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 196-0ൽ ഫലസ്തീന്റെ ഭാഗമായ ഗസ്സയിലെത്തിയ ചിത്രങ്ങളും വാർത്തകളും ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമായതോടെ മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു. ലണ്ടനിൽ നടന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് നെഹ്‌റു ഗസ്സയിലിറങ്ങിയത്.

ലബനാനിലെ ബൈറൂത്തിൽനിന്ന് ഗസ്സയിലെത്തിയ നെഹ്‌റു യു.എൻ അടിയന്തര സേനാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. മടങ്ങുന്നതിനിടെ ഇസ്രയേൽ ജെറ്റ് വിമാനങ്ങൾ നെഹ്‌റു സഞ്ചരിച്ച യു.എൻ വിമാനം താഴെയിറക്കാൻ ശ്രമവും നടത്തിയിരുന്നു. എന്നാൽ, അത് പരാജയപ്പെട്ടു. തിരിച്ച് ഇന്ത്യയിലെത്തിയ നെഹ്‌റു തന്റെ വിമാനം ഇസ്രയേൽ റാഞ്ചാൻ ശ്രമിച്ചതായി ആരോപിച്ചു.