ന്യൂഡൽഹി: മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം സ്വദേശത്തും വിദേശത്തുമായി വർധിച്ച് വരുന്ന പ്രവണതയാണുള്ളത്. പലരും പല രീതിയിലാണ് മോദിയെ സ്തുതിക്കാൻ മത്സരിക്കുന്നത്. സ്വന്തം പാർട്ടിക്കാരും ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് കാണാം. ഇപ്പോഴിതാ പുതിയൊരു മോദി സ്തുതിയുമായി ബിജെപിയിലെ സന്യാസിനിയും കേന്ദ്രമന്ത്രിയുമായ സാക്ഷാൽ ഉമാഭാരതിയും രംഗത്തെത്തിയിരിക്കുന്നു. ആയിരം വർഷങ്ങൾക്ക് ശേഷമെത്തിയ മിശിഹായാണ് മോദിയെന്നാണ് സന്ന്യാസിനി ഇപ്പോൾ സ്തുതിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ ഉമാഭാരതിക്ക് ഇനി സ്ഥാനക്കയറ്റം കൂടി നൽകിയാൽ എന്തായിരിക്കും സ്ഥിതി?

ജയ്പൂരിൽ ജൽ ക്രാന്തി അഭിയാൻ എന്ന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രിയായ ഉമാഭാരതി ഇത്തരത്തിൽ പ്രസ്താവിച്ചത്. ദേശീയതലത്തിൽ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. നമാമി ഗംഗാ പദ്ധതിയെ കോൺഗ്രസ് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി വർഗീയവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും അവർ ആരോപിച്ചു. രാജ്യം 1000 വർഷങ്ങളായി ഒരു മിശിഹായെ കാത്തിരിക്കുകയായിരുന്നുവെന്നും മോദിയുടെ വരവോടെ അത് യാഥാർത്ഥ്യമായെന്നുമാണ് ഉമാഭാരതി പറഞ്ഞത്.

മോദി ഒരു സാധാരണ പ്രധാനമന്ത്രിയല്ലെന്നും സന്യാസിനി പറയുന്നു. സരസ്വതീ നദിയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയെ കോൺഗ്രസ് കാവി അജൻഡ യെന്ന് പറഞ്ഞ് തരംതാഴ്‌ത്തുകയാണെന്നും ഉമാഭാരതി ആരോപിച്ചു. ഈ നദികളെല്ലാം ഇന്ത്യയിലൂടെയാണ് ഒഴുകുന്നതെന്നും അതിനാൽ ഇന്ത്യക്കാർക്കുള്ള പദ്ധതിയാണിതെന്നും അവർ പറഞ്ഞു. സാമ്പത്തിക അജൻഡയുടെ ഭാഗമായാണ് ഗംഗാ നദിയെ ശുചീകരിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതെന്നും അവർ പറഞ്ഞു. കർഷകരുടെ ദാരിദ്ര്യമകററാനും അവർക്ക് സമൃദ്ധിയേകുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. രാജ്യത്തെ 50 കോടി ആളുകൾ ഗംഗയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടുന്നുണ്ടെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി.

അയോധ്യാ ആന്ദോളനിലും തിരംഗയാത്രയിലും പങ്കെടുത്തതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും പാർട്ടി അതാത് കാലങ്ങളിൽ ഏൽപിക്കുന്നത് ചെയ്യുന്നുവെന്നുമാത്രമെയുള്ളൂവെന്നും ഉമാഭാരതി പറഞ്ഞു. ഇപ്പോൾ താൻ കേന്ദ്രമന്ത്രിയാണ്. ആദ്യം ഫയർ ബ്രാൻഡായാണ് പാർട്ടി തന്നെ ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയിൽ വാട്ടർ ബ്രാൻഡായാണ് ഉയോഗിക്കുന്നതെന്നും ഭാരതി പറയുന്നു. ഗംഗാ ശുചീകരണത്തിന് വേണ്ടി കഴിഞ്ഞ 29 വർഷങ്ങളിലായി 5000 കോടി രൂപ മുടക്കിയിട്ടുണ്ടെന്നും അത് എവിടെയും കാണാനില്ലെന്നും നദി ഇപ്പോഴും വൃത്തിഹീനമായാണ് കിടക്കുന്നതെന്നും ഉമാഭാരതി പറയുന്നു. യുപിഎയുടെ 10 വർഷത്തെ ഭരണത്തിനിടയിൽ പ്രധാനമന്ത്രിയെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റാരോ ആയിരുന്നു നിയന്ത്രിച്ചിരുന്നതെന്നും ഉമാഭാരതി സോണിയയെ പരോക്ഷമായി പരിഹസിച്ചു.