- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു; ഗംഗാതീരത്തെ മൃതദേഹങ്ങളും യുപിയിൽ തിരിച്ചടിയാകും; മുഖംമിനുക്കാൻ ആർഎസ്എസ് യോഗം; മോദിയും അമിത് ഷായും പങ്കെടുത്തു
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതും കോവിഡ് മരണനിരക്ക് വർധിച്ചതും ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചെന്ന് ആത്മവിമർശനം നടത്തി ആർഎസ്എസ്. അതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ആർഎസ്എസ് വിളിച്ചു ചേർത്ത യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്തു.
അടുത്ത വർഷം ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക യോഗം ചേർന്നത്. ഡൽഹിയിൽ ചേർന്ന യോഗത്തിൽ സംഘടനയെക്കുറിച്ചും സർക്കാരിനെക്കുറിച്ചും സുപ്രധാന തീരുമാനങ്ങൾ ഉണ്ടായെന്നാണു റിപ്പോർട്ട്.
രണ്ടാം വരവിൽ കോവിഡ് കടന്നാക്രമിച്ച സംസ്ഥാനങ്ങളിൽ മുന്നിലാണ് ഉത്തർപ്രദേശ്. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നത് വിദേശമാധ്യമങ്ങൾ ഉൾപ്പെടെ വലിയ വാർത്തയാക്കിയത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നാണക്കേടായി. കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. രോഗപരിശോധന, രോഗികളുടെ എണ്ണം എന്നീ വിഷയങ്ങളിൽ സുതാര്യതയില്ലെന്ന ആരോപണവും ഉയർന്നു. ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ ബിജെപി എംപിമാരെ അയയ്ക്കുന്ന ഉത്തർപ്രദേശിൽ ഭരണം നിലനിർത്തുകയെന്നത് പാർട്ടിയെ സംബന്ധിച്ച് നിർണായകമാണ്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബിജെപി നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയുടെ മുഖം മിനുക്കാനുള്ള നടപടികൾ ഉണ്ടാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസ്ബൊലെ, ഉത്തർപ്രദേശിൽ പാർട്ടിയുടെ ചുമതലയുള്ള സുനിൽ ബൻസാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ വന്ന പാളിച്ചകൾ മൂലം പൊതുസമൂഹത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ആർഎസ്എസും ബിജെപി ഉന്നതനേതൃത്വവും കടുത്ത ആശങ്കയിലാണ്. ആരോഗ്യ സംവിധാനത്തിലെ പാളിച്ചകൾ, ഓക്സിജൻ, വാക്സീൻ ക്ഷാമം, ആശുപത്രിക്കിടക്കകൾ ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കടുത്ത വിമർശനങ്ങൾ തുടരുന്നതും യോഗത്തിൽ ചർച്ചയായി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനും പ്രകടമായി പ്രവർത്തനരംഗത്തു തുടരാനും അണികൾക്കു നേതൃത്വം കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. മോദി സർക്കാരിന്റെ ഏഴാം വാർഷികം ആഘോഷിക്കുന്ന തരത്തിൽ മെയ് 30-ന് ചടങ്ങളുകളൊന്നും പാടില്ലെന്നും സേവനപ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ജെ.പി. നഡ്ഡ ആവശ്യപ്പെട്ടു. രോഗികൾക്ക് മരുന്ന്, ആശുപത്രിക്കിടക്ക, ഓക്സിജൻ എന്നിവ ലഭ്യമാക്കാൻ മുൻപന്തിയിലുണ്ടാകണമെന്നും നഡ്ഡ പ്രവർത്തകരോടു നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ