ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീപാവലി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്നു. ഹിന്ദിയിലായിരുന്നു ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്. നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റ് അറബിയിലായിരുന്നു.

നരേന്ദ്ര മോദിക്കും എല്ലാ ഇന്ത്യക്കാർക്കും ദീപങ്ങളുടെ ഉൽസവം സ്‌നേഹവും പ്രതീക്ഷയും പകരട്ടെ എന്ന് ആശംസിച്ച ഷെയ്ഖ് മുഹമ്മദ്, യുഎഇയിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ എല്ലാവരും ട്വിറ്ററിൽ പങ്കുവയ്ക്കണമെന്നും നിർദേശിച്ചു. ഇന്ത്യയുമായുള്ള യുഎഇയുടെ ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ ഉറപ്പുള്ളതാക്കുന്നതാണ് ദുബായ് ഭരണാധികാരിയുടെ ഈ വ്യക്തിപരമായ ആശംസകളെന്ന് മോദി പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ നിർദേശപ്രകാരം ആദ്യമായി ദുബായിൽ ഔദ്യോഗിക ദീപാവലി ആഘോഷവും നടക്കുന്നുണ്ട്. 10 ദിവസമാണ് ആഘോഷം.