ദുബായ്: തന്റെ യു.എ.ഇ സന്ദർശനം പ്രവാസികൾക്ക് അനുഗ്രഹമായി മാറുമോ? അരലക്ഷത്തോളം പ്രവാസികളെ സാക്ഷിയാക്കി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങൾ അത്തരമൊരു പ്രതീക്ഷ പകരുന്നതാണ്. ഗൾഫ് നാടുകളിലുള്ള പ്രവാസികൾ നിയമക്കുരുക്കുകളിൽ പെട്ടാൽ അവരെ രക്ഷിക്കാൻ ക്ഷേമനിധി ആരംഭിക്കുമെന്നതുൾപ്പെടെ പ്രതീക്ഷയോടെ പ്രവാസികൾ കാണുന്ന പ്രഖ്യാപനങ്ങളേറെയുണ്ട്.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം തിങ്ങിനിറഞ്ഞാണ് പ്രവാസികൾ മോദിയുടെ പ്രസംഗം കേൾക്കാനെത്തിയത്. പ്രവാസികളുടെ ക്ഷേമം തന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് വ്യക്തമാക്കിയ മോദി, എല്ലാത്തരം ആവശ്യങ്ങൾക്കും സഹായകമായ ഇ പോർട്ടൽ ആരംഭിച്ചതും മാഡാഡ് എന്ന ഓൺലൈൻ സംവിധാനം നിലവിൽവന്നതും പ്രഖ്യാപിച്ചു. ഹർഷാരവത്തോടെയാണ് മോദിയുടെ പ്രഖ്യാപനങ്ങളെ പ്രവാസികൾ സ്വീകരിച്ചത്.

ഇ-മൈഗ്രന്റ് പോർട്ടലിലെ ചില കുറവുകൾ കൂടി പരിഹരിക്കാനുണ്ട്. ഇക്കാര്യം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസ്സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. സാങ്കേതികമായ ചില തകരാറുകളാണ് പരിഹരിക്കപ്പെടാനുള്ളത്. അത് എംബസ്സിക്ക് പൂർത്തിയാക്കാനാകുമെന്നും മോദി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംബസ്സിയുടെ നേതൃത്വത്തിൽ മാസത്തിലൊരുതവണ വീതം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന നിർദ്ദേശവും ഏറെ സ്വീകരിക്കപ്പെട്ടു.സാമ്പത്തികവും അല്ലാത്തതുമായ ആവശ്യങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ കണ്ടെത്താനും സഹായിക്കാനുമാണ് ഇത്തരം ക്യാമ്പുകൾ നടത്തുന്നത്. കോൺസുലറുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പുകൾ സംഘടിപ്പിക്കുക.

പ്രവാസികൾ ഉൾപ്പെടുന്ന നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ക്ഷേമനിധി രൂപവൽക്കരിക്കുന്നത്. കേസ്സുകൾ നടത്തുന്നതിന് പ്രവാസികളെ സഹായിക്കുകയാണ് ഈ ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനും എംബസ്സിയാകും നേതൃത്വം നൽകുക.

പ്രവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി കൂടുതൽ സ്‌കൂളുകൾ ആരംഭിക്കുന്ന കാര്യത്തിലും അനുഭാവ പൂർണമായ പരിഗണനയുണ്ടാകുമെന്ന് മോദി പറഞ്ഞു. പ്രവാസികളുടെ ജീവിതം കൂടുതൽ സുഖകരമാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മോദി, സ്‌റ്റേഡിയത്തിലെത്തിയ ഇന്ത്യക്കാരോട് ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.