പയ്യന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ കയറാനായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയോ? ഈ കഥയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്ര പയ്യന്നൂർകാരൻ രാമചന്ദ്രന്റെ വീട്ടിൽ അവസാനിക്കും. മോദിയുമായി രാമചന്ദ്രനുള്ള രൂപ സാമ്യമാണ് ഇതിന് കാരണം.

കുറുവേലി പുതിയ റോഡിലെ പടിഞ്ഞാറെ കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഫ്‌ലാറ്റ്‌ഫോമിൽ മോദിയുമായി സാദൃശ്യമുള്ള രാമചന്ദ്രൻ നിൽക്കുന്ന ഫോട്ടോ എടുത്ത് മോദി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എന്ന അടിക്കുറിപ്പോടെ ഫേസ്‌ബുക്കിൽ ഇട്ടപ്പോൾ അതു വൻതോതിൽ ഷെയർ ചെയ്യുകയും ഇതര സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു.

ഇത് മോദിയുടേതാണെന്ന് പലരും തെറ്റിധരിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ ഇത് വമ്പൻ ഹിറ്റായി. രാമചന്ദ്രൻ ബെംഗളൂരുവിലുള്ള മകന്റെ അടുത്തേക്കു പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോട്ടോ എടുത്തത്. പലരും രാമചന്ദ്രനുമൊന്നിച്ച് സെൽഫി എടുക്കാനും തുടങ്ങി. അപ്പോഴൊന്നും ഇദ്ദേഹം ആരെന്ന് ആരും തിരക്കിയിരുന്നില്ല. നവമാധ്യമങ്ങളിലൂടെ ചിത്രം വൈറലായപ്പോഴാണ് നാട്ടുകാർ ഇതുകാണുകയും രാമചന്ദ്രനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നത്.

ഏറെക്കാലം വിദേശത്തായിരുന്ന രാമചന്ദ്രൻ അടുത്തകാലത്താണു നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്. അടുത്ത കാലത്താണ് പലരും മോദിയുമായി സാദൃശ്യമുണ്ടെന്ന് പറയാൻ തുടങ്ങിയത്. കേരളത്തിനു പുറത്തെത്തിയാൽ ഒന്നിച്ച് നിന്നു ഫോട്ടോയെടുക്കാനും കുശലം പറയാനും ആളുകൾ അടുത്തു കൂടാറുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.