ച്ഛൻ ആനക്കാരനാണെന്ന് കരുതി മകന് തഴമ്പുണ്ടോകുമോ...?. അതുപോലെത്തന്നെ അച്ഛൻ രാഷ്ട്രീയക്കാരനാണെന്ന് കരുതി മക്കൾക്കും അതേ കഴിവുണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും അതിനാൽ അവർ ബന്ധുബലത്തിന്റെ പേരിൽ മാത്രം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് യോജിക്കാനാവില്ലെന്നുമുള്ള നിലപാടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായിരുന്നത്. കോൺഗ്രസിലെപ്പോലുള്ള കുടുംബവാഴ്ചയെ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും അത് അവസാനിപ്പിക്കാനായതെല്ലാം ചെയ്യുമെന്നും അധികാരത്തിന്റെ ആദ്യനാളുകളിൽ മോദി ഘോരം ഘോരം പ്രസ്താവിച്ചിരുന്നു. എന്നാൽ കുടുംബവാഴ്ചയിൽ നിന്നും ബിജെപിക്കും മുക്തിനേടാനാവുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയിലൂടെ കണ്ണോടിക്കുമ്പോഴാണ് മോദിക്കും കുടുംബവാഴ്ചക്ക് കൂച്ചുവിലങ്ങിടാനാവുന്നില്ലെന്ന് വ്യക്തമാകുന്നത്. ഇവിടുത്തെ സ്ഥാനാർത്ഥികളിൽ നല്ലൊരു ഭാഗം ബന്ധുബലത്തിന്റെ പേരിൽ മാത്രം ടിക്കറ്റ് കിട്ടിയവരാണത്രെ...!!

പ്രമുഖ ബിജെപി നേതാക്കളുടെ പിൻഗാമികളും ബന്ധുക്കളും ഇവിടുത്തെ സ്ഥാനാർത്ഥി പട്ടികയിൽ നല്ലൊരു ശതമാനമുണ്ട്. ഫെബ്രുവരി ഏഴിനാണിവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ഡസനോളം പേരാണ് ഇത്തരത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ പോർക്കളത്തിൽ ബിജെപിക്കായി ഇറങ്ങിയിരിക്കുന്നത്. ഇവിടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ പ്രമുഖനായ ഹരീഷ് ഖുരാന മുൻ മുഖ്യമന്ത്രി മദൻ ലാൽ ഖുരാനയുടെ മകനാണ്. ഹരിനഗർ സീറ്റിലാണിദ്ദേഹം ജനവിധി തേടുന്നത്. മറ്റൊരു സ്ഥാനാർത്ഥിയായ ആസാദ് സിങ് മുന്മുഖ്യമന്ത്രി സാഹിബി സിങ് വർമയുടെ സഹോദരനാണ്. മുൻഡ്കയിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ ആസാദ് സിംഗിന് ഈ സീറ്റ് നഷ്ടമായിരുന്നു. തുഗ്ലക്കാബാദ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന വിക്രം ബിദുരി സൗത്ത് ഡൽഹി എംപിയും ബിജെപി ജനറൽ സെക്രട്ടറിയുമായ രമേഷ് ബിദുരിയുടെ മരുമകനാണ്.

തന്റെ മകനായ അജയ് മൽഹോത്രയ്ക്ക് ഗ്രേറ്റർ കൈലഷിലെ സീറ്റ് ഉറപ്പാക്കാൻ മുതിർന്ന ബിജെപി നേതാവ് വിജയ് കുമാർ മൽഹോത്ര മുന്നിട്ടിറങ്ങിയ കാഴ്ചയും ഡൽഹി തെരഞ്ഞെടുപ്പിൽ ദൃശ്യമായിട്ടുണ്ട്. ഈ മണ്ഡലത്തിൽ 2013ലെ തെരഞ്ഞെടുപ്പിൽ അജയ് പരാജയപ്പെട്ടിരുന്നു. ഡൽഹിയിലെ ബിജെപി പ്രസിഡന്റ് വിജയ് ഗോയൽ ഭാര്യയായ പ്രീതി ഗോയലിന് സീറ്റ് കിട്ടാൻ വേണ്ടി ശ്രമങ്ങൾ നടത്തുകയും അതിൽ വിജയിക്കുകയുമുണ്ടായി. തൽഫലമായി പ്രീതി ഗോയൽ മോഡൽ ടൗൺ നിയമസഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിത്തീർന്നു. ഗോയലിന്റെ പിതാവായ ചാർതി ലാൽ ഗോയലായിരുന്നു ഈ മണ്ഡലത്തിനെ 1993 മുതൽ 1998 വരെ പ്രതിനിധീകരിച്ചിരുന്നത്. പ്രായം അധികരിച്ചതിനാൽ നിരവധി നേതാക്കൾക്ക് ഡൽഹി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു. അതിനാൽ അവർ മക്കൾക്കും മരുമക്കൾക്കും വേണ്ടി സീറ്റുകൾ നേടിയെടുക്കുകയായിരുന്നു. അഞ്ച് പ്രാവശ്യം എംഎൽഎ ആയ ജഗദീഷ് മുഖി, മുതിർന്ന നേതാക്കളായ ഒപി ബാബർ, ജയ് ഭഗവാൻ അഗർവാളിനും ഇത്തരത്തിൽ സീറ്റ് നഷ്ടപ്പെട്ടിരുന്നു. ഇതിൽ മുഖി തന്റെ മകനായ അതുൽ മുഖിക്ക് വേണ്ടി ജനക്പുരി മണ്ഡലത്തിൽ സീറ്റ് നേടി.

രോഹിണി മണ്ഡലത്തിൽ നിന്നും മൂന്ന് പ്രാവശ്യം എംഎൽഎ ആയ ജെയ് ഭഗവാൻ അഗർവാൾ തന്റെ മകനും റിയൽ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ സുരേന്ദ്ര അഗർവാളിന് വേണ്ടി പാർട്ടി ടിക്കറ്റ് കരസ്ഥമാക്കിയിരിക്കുന്നു. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയ് ഭഗവാൻ പരാജയപ്പെടുകയും തുടർന്ന് ഇപ്രാവശ്യം അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിക്കുകയുമായിരുന്നു. തന്റെ മകനായ രാജീവ് ബബ്ബാറിന് വേണ്ടി 2013ൽ തിലക് നഗർ സീറ്റ് ഒഴിഞ്ഞ് ത്യാഗം ചെയ്ത പിതാവാണ് ബിജെപി നേതാവ് ഒ. പി. ബബ്ബാർ. ഇപ്രാവശ്യവും മകന് വേണ്ടി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹി എംപിയായ മനോജ് തിവാരി മരുമകനായ വിനയ് ത്രിപാദിക്ക് വേണ്ടി ബുരാരി മണ്ഡലത്തിനെ ടിക്കറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി എംപിയായ കീർത്തി ആസാദിന്റെ ഭാര്യയും ഡൽഹിയിലെ ബിജെപി വക്താവുമായി പൂനം ആസാദും ഈ സീറ്റിനായി ശ്രമം നടത്തിയിരുന്നു. ബിജെപിയിൽ തിരിച്ചെത്തിയ നാലു പ്രാവശ്യം എംഎൽഎ ആയ എച്ച്. എസ്. ബാല്ലി തന്റെ മകനോ ഭാര്യക്കോ വേണ്ടി പാർട്ടി ടിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ നേതാക്കളുടെ ബന്ധുത്വത്തിന്റെ പേരിൽ പ്രവേഷ് വർമ, ആസാദ് സിങ്, രാജീവ് ബബ്ബാർ എന്നിവർക്ക് മാത്രമായിരുന്നു ബിജെപി ടിക്കറ്റ് നൽകിയിരുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്രാവശ്യം കുടുംബവാഴ്ചക്കായി നൽകിയ സീറ്റുകൾ വളരെക്കൂടുതലാണ്.