ന്യൂഡൽഹി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായ സമയം. അപകടം നടന്ന് മണിക്കൂറുകൾക്കകം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് വരെ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത വിധത്തിൽ ഒരു കാര്യം ചെയ്തു. കേരളത്തിലേക്ക് പ്രത്യേക വിമാനം പിടിച്ച് ഒരു സംഘം ഡോക്ടർമാരുമായി അദ്ദേഹം എത്തി. കേരളത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് മോദിയുടെ വരവ് എന്നതു കൊണ്ട് തന്നെ ഇതിന് പിന്നിൽ ബിജെപിയും രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമായിരുന്നു താനും. എങ്കിലും ഒരു ദുരന്ത മുഖത്തേക്ക് മോദി ഓടിയെത്തിയത് ലോകത്തിനും കേരള ജനതയ്ക്കും ഒരു മാതൃകയായ സംഭവമായി.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ദുരന്ത വേളകളിൽ രക്ഷകനായി മോദി അവതരിച്ചിരുന്നു. ഉത്തരാഖണ്ഡിൽ പ്രളയം ഉണ്ടായ വേളയിൽ അദ്ദേഹം രക്ഷാ പ്രവർത്തനങ്ങൾക്ക് അടിയന്തര ഇടപെടൽ നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇങ്ങനെ പല വിധത്തിലും ഒരു ദുരന്തവേളയിൽ എങ്ങനെ പ്രതികരിക്കണം എന്ന് വ്യക്തമായ ബോധ്യമുള്ള കക്ഷിയാണ് ഇന്ത്യൻ പ്രധാനമന്ത്രി എന്നിരിക്കേ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ മോദി ട്വിറ്ററിൽ അനുശോചിക്കുകയോ ഒരു വരി പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തില്ല. ഈ നടപടി സോഷ്യൽ മീഡിയിയൽ കടുത്ത വിമർശനമാണ് വരുത്തിയത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് തീർത്തും ദാരുണമായ മരണം ഉണ്ടായത് എന്ന ഒറ്റക്കാരണം കൊണ്ട് ഇപ്പോഴത്തെ നടപടിയെ അപലപിക്കാത്ത മോദിയ്‌ക്കെതിരെ കേരളാ സൈബർ ലോകത്താണ് കടുത്ത അമർഷം. ഇതേകുറിച്ച് പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് എഴുതിയത് ഇങ്ങനെയാണ്:

'കൊല്ലത്ത് വെടിക്കെട്ടപകടമുണ്ടായപ്പോൾ ഡോക്ടർമാരെയും ക്യാമറാമാന്മാരെയും കൊണ്ട് ഇവിടെ പറന്നെത്തിയ പോലെ പ്രധാനമന്ത്രി കുറച്ച് ഓക്‌സിജൻ സിലിണ്ടറുമായി യു പിയിലേക്ക് പറക്കുമെന്ന് കരുതിയിരുന്നു. അതുണ്ടായില്ലെന്നതോ പോകട്ടെ, ദിവസം രണ്ട് കഴിഞ്ഞിട്ടും ഈ സംഭവത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. ഇതെങ്ങാനും കേരളത്തിലായിരുന്നെങ്കിൽ കാണാമായിരുന്നു. പ്രസ്താവനയും ട്വീറ്റും ഹെലിക്കോപ്റ്ററും വിമാനവും ആശുപത്രി സന്ദർശനവും മാധ്യമപ്പടയും.. കൂടെ പിണറായി വിജയനെ പൊരിച്ചെടുക്കലും ചാണകച്ചാനലിലെ ഡിബേറ്റും..''

നരേന്ദ്ര മോദി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഈ ദുരന്തം ഉണ്ടായ ശേഷം ട്വീറ്റുകൾ ഒന്നും വന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും കടുത്ത വിമർശനം ഉയരുന്നുണ്ട്. പോർച്ചുഗലിൽ കാട്ടുതീയിൽ മരണം ഉണ്ടായ വേളയിലും റഷ്യയിൽ വിമാനഅപകടമുണ്ടായ വേളയിലും അടക്കം ആദരാജ്ഞലികൾ അർപ്പിച്ച നരേന്ദ്ര മോദി ഈ വിഷയത്തിൽ ഒന്നും ട്വിറ്ററിൽ കുറിക്കാത്തതിന് കാരണം നാശമാകുന്ന് സ്വന്തം പാർട്ടിയുടെയും ഭരണത്തിന്റെയും ഇമേജാണ് എന്ന് ഒറ്റക്കാരണം കൊണ്ടാണെന്നത് വ്യക്തമാണ്.

ഇന്ത്യയിലെ കുഞ്ഞുങ്ങൾക്ക് സംഭവിച്ച ദുരന്തം ആഗോള തലത്തിൽ വലിയ വാർത്തയായപ്പോഴും ഇന്ത്യൻ മാധ്യമങ്ങൾ ഈ വിഷയം മൂടിവെക്കാനാണ് ശ്രമിച്ചിരുന്നത്. ഇതും കടുത്ത വിമർശനങ്ങൾക്ക് ഇടയാകുന്നുണ്ട്. അതേസമയം അന്തർദേശീയ നേതാവെന്ന് വിശേഷണമുള്ള മോദിയുടെ ഇന്ത്യ ഇതാണോ എന്നു ചോദിച്ചു കൊണ്ട് അന്തർദേശീയ മാധ്യമങ്ങൾ കടുത്ത വിമർശനമാണ് നരേന്ദ്ര മോദിക്കെതിരെ ഉന്നയിക്കുന്നത്. വികസനത്തെ കുറിച്ചു വലിയ വായിൽ ലോകം എമ്പാടും നടന്ന് പ്രസംഗിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ഒരു പാലവും ഒരു ഓക്‌സിജൻ സിലിണ്ടറും എങ്കിലും വാങ്ങി നൽകാൻ കഴിയില്ലെ എന്നാണ് ഈ മാധ്യമങ്ങൾ ചോദിക്കുന്നത്.

ഗോരഖ്പുരിലെ ആശുപത്രിയിൽ കുട്ടികളടക്കം 64 പേർ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചത് മോദി സർക്കാരിന് തീർത്താൽ തീരാത്ത കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് പണമടയ്ക്കാത്തതിന്റെ പേരിൽ ഓക്സിജൻ വിതരണം മുടങ്ങിയതും ലോകം നടുങ്ങിയ ദുരന്തമുണ്ടായതും. സദാസമയം വികസനത്തെക്കുറിച്ച് സംസാരിക്കുന്ന മോദിക്ക്, സ്വന്തം രാജ്യത്തെ ആശുപത്രിയിൽ കുട്ടികൾക്ക് ശ്വസിക്കാൻ വേണ്ടത്ര ഓക്സിജൻ സമാഹരിക്ാൻ ധിക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യം പാശ്ചാത്യ മാധ്യമങ്ങളുയർത്തുന്നു.