പൂർണിയ: അസഹിഷ്ണുതയെപ്പറ്റി ഇപ്പോൾ ക്ലാസെടുക്കാൻ വരുന്നത് 1984ലെ സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂർണിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണു മോദി കോൺഗ്രസിനെ വിമർശിച്ചത്.

1984ൽ ഡൽഹിയിൽ സിഖുകാർ കശാപ്പ് ചെയ്യപ്പെട്ടു. കോൺഗ്രസിനെതിരെ ഗുരുതര ആരോപണമാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. അങ്ങനെയുള്ളവരാണ് ഇപ്പോൾ ഞങ്ങളെ സഹിഷ്ണുത പാലിക്കാൻ ഉപദേശിക്കുന്നതെന്നും മോദി പരിഹസിച്ചു.

നവംബർ എട്ട് വരെ ലാലുവിനും നിതീഷിനും എന്ത് കളി വേണമെങ്കിലും കളിക്കാം. എട്ടിന് വോട്ടെണ്ണുമ്പോൾ ബിഹാറിൽ രണ്ട് ദീപാവലിയായിരിക്കുമെന്നും മോദി പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാറിനും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും എതിരെയായിരുന്നു മോദിയുടെ കടന്നാക്രമണം ഇന്നും കേന്ദ്രീകരിച്ചത്. അധികാരത്തിലിരിക്കുന്നവർ ജനങ്ങളോട് വിശ്വാസ്യത പുലർത്താൻ ബാദ്ധ്യസ്ഥരാണ്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഇത്രയും കാലം ഭരിച്ചു. ഇപ്പോൾ ജംഗിൾ രാജിനെ പേടിച്ച് ബിഹാറിലും സ്ത്രീകൾ ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കുകയാണ്. നിതീഷ് കുമാർ ഇപ്പോൾ വൈദ്യുതിയെക്കുറിച്ച് മിണ്ടാറില്ല, കാരണം എല്ലാ വീട്ടിലും വൈദ്യതിയെത്തിക്കുമെന്ന നിതീഷിന്റെ വാഗ്ദാനം ജനങ്ങൾ മറന്നിട്ടില്ലെന്നും മോദി പറഞ്ഞു.

വർഷങ്ങളോളം കോൺഗ്രസിനെ എതിർത്ത് നിന്ന ലാലുവും നിതീഷും ഇപ്പോൾ എങ്ങനെയാണ് അവരുമായി സഹകരിക്കുന്നതെന്ന് മോദി ചോദിച്ചു. കോൺഗ്രസിന് നൽകിയ നാൽപ്പത് സീറ്റുകൾ തങ്ങൾക്ക് ഈസി വാക്കോവറാണ്. അതിൽ നന്ദിയുണ്ട്. ബിഹാറിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ പോവുകയാണെന്നും മോദി പറഞ്ഞു.