ശ്രീനഗർ: പ്രളയത്തിൽ എല്ലാം നശിച്ച ശ്രീനഗറിലെ ജനങ്ങൾക്കൊപ്പം ദീപാവലി കൊണ്ടാടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പല ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തമാണ്. അന്യഥാ ബോധമുള്ള കാശമീരികൾക്ക് കൈക്കാങ്ങാകാനും ജനങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയാണെന്ന് തെളിയിക്കാനുമുള്ള അവസരമായാണ് മോദി ഇതിനെ കാണുന്നത്. അതേസമയം തന്നെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും മോദിയുടെ സന്ദർശനത്തിന് ഉണ്ട്. കാശമീർ വിഘടനവാദികളെ ഒതുക്കുന്നതോടൊപ്പം ജമ്മു കാശ്മീരിൽ അദികാരം പിടിക്കുക എന്നൊരു ലക്ഷ്യം കൂടി മോദിക്കുണ്ട്. മഹാരാഷ്ട്രയിലും ഹരിയാണയിലും വിജയം നേടിയതോടെ, കശ്മീരിലും വിജയം അപ്രാപ്യമല്ലെന്ന ധാരണ പാർട്ടി നേതൃത്വത്തിനുണ്ട്. അതിലേക്കുള്ള ചുവടുവെപ്പാണ് മോദിയുടെ സന്ദർശനം.

മിഷൻ 44 എന്നാണ് കശ്മീരിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന വിജയമന്ത്രം. പാർട്ടി അദ്ധ്യക്ഷൻ അമിത്ഷാ അത് പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആറു സീറ്റുകളിൽ മൂന്നെണ്ണത്തിൽ വിജയിച്ചതോടെയാണ് ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാനാകുമെന്ന വിശ്വാസം ശക്തമായത്. മോദിയുടെ സന്ദർശനം ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെയ്‌പ്പാകുമെന്നും പാർട്ടി കരുതുന്നു.

87 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടുകയെന്നതാണ് മിഷൻ 44 കൊണ്ടുദ്ദേശിക്കുന്നത്. അമിത് ഷായുടെ തന്ത്രങ്ങൾക്ക് കരുത്ത് പകരാൻ എപ്പോഴും കൂടെ നിൽക്കുന്ന പ്രധാനമന്ത്രി, കശ്മീരിലും സമാനമായ ഇടപെടൽ നടത്തുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു. ബിജെപിയും പ്രധാനമന്ത്രിയും കശ്മീരിലെ ജനങ്ങളോടൊപ്പമുണ്ടെന്ന് തെളിയിക്കുകയാണ് ഈ സന്ദർശനത്തിലൂടെ മോദി ചെയ്യുന്നത്.

പാക്കിസ്ഥാൻ വിഷയം കത്തിനിൽക്കുമ്പോൾ, കശ്മീരിൽ ഭരണം പിടിക്കുന്നതിന് ബിജെപിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കശ്മീർ വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരെ ഇല്ലാതാക്കി സംസ്ഥാനം കൈക്കലാക്കുകയാണ് അതിലൊന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടുന്നതോടെയാണ് ജമ്മു കശ്മീർ ബിജെപിക്ക് അപ്രാപ്യമല്ലെന്ന തോന്നൽ പാർട്ടിക്കുള്ളിൽത്തന്നെ പിറവിയെടുക്കുന്നത്.

ഫറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും മെഹബൂബ മുഫ്തിയുടെ പിഡിപിയും കോൺഗ്രസ്സുമല്ലാതെ മറ്റൊരു രാഷ്ട്രീയ കക്ഷികളും കശ്മീരിന്റെ രാഷ്ട്രീയ ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാൽ, അവിടെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന് തെളിവായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച സീറ്റുകൾ. ജമ്മുവിലും കശ്മീരിലും ലഡാക്കിലും വികസനമന്ത്രത്തിലൂടെ ബിജെപി വോട്ടുകൾ സ്വന്തമാക്കി.

വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുകയെന്ന ലക്ഷ്യമാണ് ഇനി പാർട്ടിക്ക് മുന്നിലുള്ളത്. മറ്റു പാർട്ടികളുടെ എംഎ‍ൽഎമാരുൾപ്പെടെ നാൽപ്പതോളം പേരെ ബിജെപിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ അമിത് ഷായുടെ ദൂതന്മാര് ആരംഭിച്ചുകഴിഞ്ഞു. മോദിയുടെ വരവും വികസനമന്ത്രവും കൂടിയാകുമ്പോൾ കശ്മീർ കൈക്കലാക്കാൻ സാധിക്കുമെന്നുതന്നെ അവർ കരുതുന്നു.

അതേസമയം സന്ദർശനത്തിനെതിരെ വിഘടനവാദികൾ സമരം ആഹ്വാനംചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽക്കരാർ ലംഘിച്ചു. അധികാരമേറ്റശേഷം മോദിയുടെ നാലാമത്തെ കശ്മീർ സന്ദർശനമാണിത്. കാശ്മീർ പ്രളയം ഉണ്ടായ വേളയിൽ മോദി അതിവേഗമാണ് കാശീരിലേക്ക് പറന്നിറങ്ങിയത്.

എന്നാൽ മോദിയുടെ ലക്ഷ്യം രാഷ്ട്രീയം കൂടിയുണ്ടെന്ന് വ്യക്തമായതോടെ കാശ്മീരി പാർട്ടികൾ സംശയത്തോടെയാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ആഘോഷിക്കുന്ന ഈദിനായിരുന്നു പ്രധാനമന്ത്രി എത്തേണ്ടിയിരുന്നതെന്നാണ് പ്രതിപക്ഷകക്ഷിയായ പി.ഡി.പി. അഭിപ്രായപ്പെട്ടത്. എന്നാൽ, പതിവുപോലെ ഇത്തവണ ദീപാവലി വീട്ടിൽ ആഘോഷിക്കാതെ കശ്മീരിലെത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. വിഘടനവാദികളായ ഹുറിയത്ത് കോൺഫ്രൻസിന്റെ രണ്ട് വിഭാഗങ്ങളും സന്ദർശനത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

''പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കശ്മീരുകാർക്കായി ഒന്നും ചെയ്യാതിരുന്ന കേന്ദ്രസർക്കാറിനെ അവരുടെ മുറിവിൽ ഉപ്പുതേക്കാൻ അനുവദിക്കില്ലെന്ന്'' സംഘടനകളിലൊന്നിന് നേതൃത്വംനൽകുന്ന സയ്യിദ് അലി ഷാ ഗീലാനി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പ്രതിഷേധക്കാരുടെ വായടപ്പിക്കും വിധം സാധാരണക്കാരായ കാശ്മീരികളെ കൈയിലെടുക്കാനാണ് മോദിയുടെ നീക്കം.