ന്യൂഡൽഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ വർഷം നരേന്ദ്ര മോദിക്ക് ലഭിച്ചത് 12 ദശലക്ഷം ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളെ. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പിന്നിൽ രണ്ടാമതാണ് ഫേസ്‌ബുക്കിലെ ഫോളേവേഴ്‌സിന്റെ കാര്യത്തിൽ മോദിയുടെ സ്ഥാനം. ഒബാമയ്ക്ക് 43 ദശലക്ഷം ഫോളേവേഴ്‌സാണുള്ളത്.

മോദിക്ക് 28 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. ഇതിൽ പന്ത്രണ്ട് ദശലക്ഷം പേരും ഒരു വർഷത്തിനുള്ളിൽ മോദിയെ പിന്തുടരാൻ തുടങ്ങിയവരാണ്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ലോകനേതാവ് ടർക്കിഷ് പ്രസിഡന്റ് എഡ്‌റോഗനാണ്. ഇദ്ദേഹത്തിന് ആകെുള്ളത് 7 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണ്. ഈജിപ്ഷ്യൻ പ്രസിഡന്റിന് 4.5 ദശലക്ഷവും മെക്‌സിക്കൻ പ്രസിഡന്റിന് 4.2 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ നേതാക്കളിൽ ഒരാൾ കൂടിയാണ് മോദിയെന്ന് ഫെയ്‌സ് ബുക്ക് വ്യക്തമാക്കുന്നു. 908 പോസ്റ്റാണ് ഈ വർഷം മോദി ഇട്ടത്. ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് 4,58,000 ഫോളോവേഴ്‌സുണ്ട്. മോദി ഇട്ട പടങ്ങൾക്ക് 6,32,200 ലൈക്കുകളും കിട്ടി. ഇന്ത്യയെ ശുചീകരിക്കാനുള്ള യജ്ഞമായ സ്വച്ഛ് ഭാരതിൽ പങ്കാളിയായി മോദി ഇട്ട ചിത്രമായിരുന്നു സൂപ്പർ ഹിറ്റ്. ചൂലുമായി നിരത്ത് വൃത്തിയാക്കുന്ന മോദിയുടെ ചിത്രമായിരുന്നു ടോപ് പോസ്റ്റ്.

സിയാച്ചിൻ സന്ദർശനത്തിനിടെ എടുത്ത ചിത്രമായിരുന്നു രണ്ടാമത്. ന്യൂഡൽഹിയിൽ ഒബാമിയുമായി ചായകുടിക്കുന്ന ചിത്രത്തിനും കിട്ടി അംഗീകാരം. മോദിയുടെ പോസ്റ്റുകളിൽ മൂന്നാം സ്ഥാനത്താണ് ഇത്.