ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം രാജ്യത്ത് വർഗീയ കലാപങ്ങളുടെ എണ്ണം വർധിച്ചെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ആദ്യ യോഗത്തിൽ സംസാരിക്കവെയാണ് മോദി ഭരണത്തിനെതിരെ സോണിയ ആഞ്ഞടിച്ചത്. യുപിഎ സർക്കാർ കൊണ്ടുവന്ന നയങ്ങളാണ് ബിജെപി അനുകരിക്കുന്നതെന്നും സോണിയ പറഞ്ഞു.

അംഗബലത്തിൽ വളരെ പുറകിലാണെങ്കിലും തങ്ങളുടെ ചേതനയറ്റിട്ടില്ലെന്നും സോണിയ പറഞ്ഞു. വർഗീയത വളർത്തുന്ന സംഭവങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് വർധനയുണ്ടായിട്ടുണ്ട്. സർക്കാരിന്റെ ഇത്തരം പ്രവണതകളെ കോൺഗ്രസ് ചെറുക്കണം. കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകളുടെ ഫലമായി ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി വർഗീയ ലഹളകൾ നടന്നു. ഇതിനിടെ ഉയർന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ വളരെ കരുതലുള്ള പ്രതിപക്ഷത്തിന്റെ ജോലിയാണ് കോൺഗ്രസിന് ചെയ്യാനുള്ളത്.

സർക്കാരിന്റെ വർഗീയവും ഗർവോടെയുള്ളതുമായ നടപടികൾക്ക് തടയിടണം. കോൺഗ്രസ് ഏറെ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. എല്ലാതവണത്തെയും അപേക്ഷിച്ച് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണം വളരെ കുറവാണെങ്കിലും തങ്ങൾ തളർന്നുപോകില്ല. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോൺഗ്രസിന് ലഭിച്ചില്ല. പാർട്ടിക്ക് പാർലമെന്റ് മാത്രമല്ല പ്രവർത്തനവേദി. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തെമ്പാടുമുള്ള പൊതു ചർച്ചാവേദികളിലും മാദ്ധ്യമങ്ങളിലും തെരുവുകളിലും സാധാരണക്കാരുടെ വീടുകളിലുമാണ്- സോണിയ പറഞ്ഞു.

വോട്ടർമാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് ആവശ്യപ്പെട്ട സോണിയ കാര്യപ്രാപ്തിയുള്ള കോൺഗ്രസ് പ്രവർത്തകരാകാൻ ഇതാണ് ഏറ്റവും ആവശ്യമെന്നും കൂട്ടിച്ചേർത്തു.