ലണ്ടൻ: രാജ്യാന്തര തലത്തിൽ മോദി സർക്കാർ നേടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിന്റെ മാറ്റൊലി ബ്രിട്ടനിലും. ലോക രാജ്യങ്ങളിൽ പറന്നു നടന്നു ഇന്ത്യയുടെ കീർത്തി കൂട്ടാൻ മോദി ശ്രമിക്കുന്നതിനൊപ്പം, വിദേശ രാജ്യങ്ങളിലും സർക്കാരിന്റെ നേട്ടം എത്തിക്കുന്ന ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മോദി സർക്കാരിന്റെ വാർഷിക ആഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എത്തിയിരിക്കുന്നത് കേന്ദ്ര ഊർജ മന്ത്രി പീയുഷ് ഗോയലും. ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ഊർജ സഹകരണ പദ്ധതിയായ ഉജാലക്കു (യുകെ ജോയ്ൻസ് അഫോർഡബിൾ എൽ ഇ ഡി) ഇന്നലെ തുടക്കമായി. ലണ്ടൻ നഗരം എൽഇഡി ബൾബുകളുടെ വർണ്ണപ്രഭയിൽ പ്രകാശിക്കുന്നതിൽ പദ്ധതി പങ്കാളിത്തമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

നൂറു മില്യൺ പൗണ്ട് മൂല്യമുള്ള(830 കോടിരൂപയോളം) പദ്ധതിയാണിത്. മൂന്നു വർഷം കൊണ്ടാണ് പദ്ധതി പൂർണ്ണമാകുക. യുകെയുടെ വിശാലമായ ആറര ബില്യൺ പൗണ്ട് ശേഷിയുള്ള ഊർജ്ജ വിപണിയിലേക്കുള്ള ഇന്ത്യയുടെ കാൽ വയ്‌പ്പ് കൂടിയാണ് ഉജാല പദ്ധതി. ഇതോടൊപ്പം ഇന്ത്യയുടെ ഏറ്റവും ബൃഹത്തായ ഊർജ പദ്ധതിയായ എൻടിപിസി ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതും ശ്രദ്ധേയമായി. ഇതോടൊപ്പം ഇരു രാജ്യങ്ങളിലെയും മന്ത്രാലയ തല സമിതികൾ തമ്മിൽ ഒട്ടേറെ പദ്ധതികൾ ഒപ്പു വയ്ക്കുകയും ചെയ്തു.

ഭാവിയിൽ നാണയ വിപണിയിൽ രൂപയുടെ ചാഞ്ചാട്ടം കുറഞ്ഞിരിക്കുമെന്നും നിക്ഷേപകർക്ക് ഇത് കൂടുതൽ വിശ്വാസം നൽകുമെന്നും കേന്ദ്രമന്ത്രി ലണ്ടനിൽ നടന്ന ചടങ്ങിൽ വ്യക്തമാക്കി. ഇന്ത്യ നേതൃത്വം നൽകുന്ന ഊർജ്ജ വിപ്ലവ പദ്ധതിയായ ഉജാലയിൽ ഏവരും പങ്കാളികൾ ആകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലണ്ടനിൽ പുതിയ എൽഇഡി ബൾബുകൾ പ്രകാശിക്കുമ്പോൾ അക്കൂടെ ഇന്ത്യ കൂടി തിളങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി. നാസ ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങളിൽ ലണ്ടന്റെ തിളക്കം അങ്ങനെ ഇന്ത്യക്കും അഭിമാനമാകുകയാണ്. ബ്രിട്ടനുമായുള്ള ബിസിനസ്സിൽ ഇന്ത്യക്കു വിശാലമായ കാഴ്ചപ്പാടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബ്രിട്ടനുമായുള്ള ബിസിനസ് സഹകരണം ഇന്ത്യക്കു വലിയ നേട്ടമായി മാറും, വലിയ ഹോട്ടലുകൾ, വ്യാപാര ശാലകൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവയൊക്കെ യുകെയുമായി അടുക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇന്ത്യക്കു പൂർണ്ണമായും എൽ ഇ ഡി സംവിധാനത്തിലേക്ക് മാറാൻ കഴിഞ്ഞാൽ 79 മില്യൺ ടൺ കാർബൺ വാതകം പുറം തള്ളുന്നതു ഒഴിവാക്കാനാകും. ഇതിലൂടെ ഊർജ്ജത്തിനായി ജനങ്ങൾ ചെലവാക്കുന്ന പണവും ലാഭിക്കാം. ഇന്ത്യക്കു രണ്ടു വർഷത്തിനകം 560 മില്യൺ പഴയ ഫാഷനിൽ ഉള്ള ബൾബുകളാണ് മാറേണ്ടി വരിക. വ്യാപാര സാധ്യതകളിലേക്ക് വിരൽ ചൂണ്ടിയാണ് മന്ത്രി സംസാരിച്ചത്.

ഏറ്റവും വേഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബിസിനസ് കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം എന്നും പീയുഷ് ഗോയൽ സൂചിപ്പിച്ചു. ഇന്ത്യയിൽ രണ്ടു വർഷത്തിനകം മുഴുവൻ വീടുകളിലും ഊർജ്ജം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മുൻപ് ഈ ലക്ഷ്യം 2022 എന്ന് നിശ്ചയിച്ചിരുന്നെങ്കിലും വേഗത്തിൽ ഉള്ള പ്രവർത്തനം വഴി മൂന്നു വർഷം മുൻപ് തന്നെ ലക്ഷ്യ സാധൂകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ലണ്ടനിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളുടെ ഉന്നത പ്രതിനിധികൾ സമ്മേളിച്ച യോഗത്തിൽ അടുത്ത നൂറു വർഷത്തേക്കുള്ള ഇന്ത്യയെ ഇപ്പോൾ തന്നെ വിഭാവനം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ഗോയൽ പറഞ്ഞു. എൻ ടി പി സിക്ക് വേണ്ടി ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് എന്ന പേരിൽ ലിസ്റ്റ് ചെയ്ത കാര്യവും മന്ത്രി അറിയിച്ചു. മസാല ബോണ്ടിലൂടെ രണ്ടായിരം കൂടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ വളർച്ചയുടെ കൂടി പ്രതീകമാണ് ഈ മസാല ബോണ്ടെന്നു മന്ത്രി സൂചിപ്പിച്ചു. ഇന്ത്യൻ രൂപ കൂടുതൽ കരുത്തു നേടുന്നതും ഇതിലൂടെ തെളിയിക്കാനാകും. ഇന്ത്യ വളർച്ചയുടെ പാതയിൽ ആണെന്ന് ലോക രാജ്യങ്ങളെ കാണിക്കുവാൻ ഉള്ള തന്ത്രം കൂടിയാണ്. ഈ വളർച്ചയിൽ ലോക രാജ്യങ്ങൾ ഇന്ത്യയോടൊപ്പം ഉണ്ടകണം എന്നതാണ് ആഗ്രഹമെന്നും അദ്ദേഹം തുടർന്ന്.

അതിനിടെ മന്ത്രിയുടെ വരവ് പ്രമാണിച്ചു ഇന്നലെയും ഇന്നുമായി ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി സെൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും ഇന്ത്യൻ വളർച്ചയെ വ്യക്തമാക്കുന്ന സമ്മേളനങ്ങളുമാണ് മോദി സർക്കാരിന്റെ മൂന്നാം വാർഷിക ആഘോഷ ഭാഗമായി ലണ്ടനിൽ നടക്കുന്നത്. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യയുടെ നൂറാം വാർഷിക ചടങ്ങുകളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.