മൂഹത്തിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ രണ്ടരക്കോടി ആളുകൾക്കുകൂടി സൗജന്യമായി ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. അന്ത്യോദയ അന്ന യോജന പദ്ധതിയിൽപ്പെടുത്തിയാണ് കേന്ദ്രം ഈ പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര സർക്കാർ രണ്ടുവർഷം തികയ്ക്കുന്നതിന് മുന്നോടിയായാണ് പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ടുവരുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ അഴിച്ചുപണി നടത്തിയാണ് കൂടുതൽ പേരിലേക്ക് സൗജന്യമായി ധാന്യമെത്തിക്കുന്ന പദ്ധതിക്ക് കേന്ദ്രം രൂപം കൊടുത്തിട്ടുള്ളത്. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാകും ഈ പദ്ധതി അറിയപ്പെടുക.

നിലവിൽ അന്ത്യോദയ അന്ന യോജന പദ്ധതിയിൽപ്പെട്ടിട്ടുള്ള കുടുംബങ്ങൾക്ക് 35 കിലോ ധാന്യങ്ങളാണ് പ്രതിമാസം സൗജന്യമായി ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ വരുന്ന മറ്റു കുടുംബങ്ങളിൽ ഉള്ളവർക്ക് ആളൊന്നിന് അഞ്ചു കിലോ വീതവും ലഭിക്കുന്നുണ്ട്.

2000-ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് ഈ പദ്ധതി നിലവിൽവരുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ആളുകൾക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയതായി രണ്ടരക്കോടി ആളുകൾക്കുകൂടി ഇതിന്റെ സേവനം ലഭ്യമാകുമ്പോൾ, സർക്കാരിന് സബ്‌സിഡി ഇനത്തിൽ 1.39 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത കൂടി പേറേണ്ടിവരും.

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പ്രയോജനം ഇപ്പോൾ രാജ്യത്തെ 70 കോടി ആളുകളെ ഉൾക്കൊള്ളുന്നതാണ്. ഇതിൽ അർഹരായവർക്കുതന്നെയാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന കാര്യം ഉറപ്പാക്കാനും പുതിയ പരിഷ്‌കാരങ്ങളിൽ നിർദ്ദേശമുണ്ട്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളെ കൃത്യമായി നിർണയിക്കാനും ശ്രമിക്കും.