ന്യുഡൽഹി: എല്ലാവരുടെയും അക്കൗണ്ടുകളിൽ 15ലക്ഷം രൂപ എത്തിക്കുമെന്ന നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കള്ളപ്പണത്തിന്റെ കാര്യത്തിൽ തങ്ങൾ നടത്തിയ പ്രചാരണത്തിലെ ഒരു വാചകം മാത്രമാണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. മോദി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അമിത് ഷാ തെരഞ്ഞെടുപ്പ് വേളയിൽ മോദി നൽകിയ വാഗ്ദാനത്തെ കുറിച്ച് വാചാലനായത്.

ഹിന്ദുത്വ അടിസ്ഥാന വിഷയങ്ങളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയാത്തത് പാർലമെന്റിലെ പാർട്ടിയുെട അംഗബലം 370 തികയാത്തതുകൊണ്ടാണന്നും ദാവൂദ് ഇബ്രാഹീമിനെ പിടിക്കാൻ ഈ സർക്കാരിന് ഇനിയും ഭരണത്തിൽ ഏറെ സമയം ചെലവിടേണ്ടതുണ്ടെന്നും ഷാ പറഞ്ഞു.

സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം തിരിച്ചുപിടിക്കാൻ കഴിഞ്ഞതാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിനെ അപേക്ഷിച്ച് ഇത് ദൃശ്യമായ സർക്കാരാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതാപം വീണ്ടെുക്കാൻ കഴിഞ്ഞുവെന്നും ഷാ പറഞ്ഞു. അഴിമതി രഹിതമായ സർക്കാരാണ് ഒരു വർഷമായി ഭരിക്കുന്നത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു. ഫെഡറൽ സംവിധാനം ശക്തിപ്പെട്ടു എന്നിവയാണ് ഈ സർക്കാർ ആദ്യവർഷം പിന്നിടുമ്പോഴുള്ള പ്രധാന നേട്ടങ്ങൾ.

സർക്കാരിന്റെ നേട്ടങ്ങളിൽ ജനങ്ങളിൽ എത്തിക്കുന്നതിനു ബിജെപി തുടങ്ങിവച്ച ജനകീയ പ്രചരണ പരിപാടിയുടെ ഭാഗമായാണ് ഷാ വാർത്താസമ്മേളനം വിളിച്ചത്. കേന്ദ്രമന്ത്രിമാരും പാർട്ടി നേതാക്കളും രാജ്യവ്യാപകമായി ഈ ആഴ്ചയിൽ ജനകീയ റാലികൾ സംഘടിപ്പിക്കുന്നുണ്ട്.