ന്യൂഡൽഹി: നമ്മുടെ നിയമസഭകളിലെയും പാർലമെന്റിലേയും ചില രംഗങ്ങൾ കാണുമ്പോൾ, പലപ്പോഴും കവലച്ചട്ടമ്പികൾ എത്ര ഭേദമെന്ന് തോന്നാറില്ലേ? അന്യോന്യം പോരുവിളിച്ചും കൈയാങ്കളി നടത്തിയും അവർ രാഷ്ട്രീയ വൈരം തീർക്കുന്നു. സെൻസർ ചെയ്യാതെ പല രംഗങ്ങളും കാണാൻ പറ്റാത്ത സാഹചര്യവുമുണ്ടാകാറുണ്ട്. എന്നാൽ, പാർലമെന്റിൽ ആ സ്ഥിതിയൊക്കെ മാറാൻ പോവുകയാണ്. പാർലമെന്റിന്റെ പവിത്രതയും മൂല്യവും കാത്തുസൂക്ഷിക്കാൻ എംപിമാരെ നിർബന്ധിതരാക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ കൊണ്ടുവരാൻ മോദി സർക്കാർ തയ്യാറെടുക്കുകയാണ്.

പാർലമെന്റിനകത്തും പുറത്തും പുലർത്തേണ്ട മര്യാദകളെപ്പറ്റി പ്രതിപാദിക്കുന്ന ഹാൻഡ്ബുക്കാണ് ഇത്രകാലവും എംപി.മാർക്ക് നൽകിയിരുന്നത്. ഇത് പലരും തുറന്നുനോക്കാറുപോലുമില്ല. എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന വിശദമാക്കുന്ന ഈ ഹാൻഡ് ബുക്കിന് പകരം, ഇതുമാത്രമേ ചെയ്യാവൂ എന്ന് നിർബന്ധിക്കുന്ന പെരുമാറ്റച്ചട്ടമാണ് ഇനി നിലവിൽ വരാൻ പോകുന്നത്. ഇതേക്കുറിച്ച് ആലോചിക്കാൻ, പാർലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു എല്ലാ പാർട്ടികളുടെയും ചീഫ് വിപ്പുമാരുടെ യോഗം ഇന്നും നാളെയുമായി വിളിച്ചുചേർത്തിട്ടുണ്ട്.

പൊതുജനത്തിന് മുന്നിൽ പാർലമെന്റ് അംഗങ്ങളുടെ വിശ്വാസ്യതയും മാന്യതയും ഉയർത്തുകയെന്നതാണ് പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യം. ഇതനുസരിച്ച്, പാർലമെന്റിലേക്ക് കയറുന്ന അംഗം, എത്ര മുതിർന്നയാളായാലും അദ്ധ്യക്ഷ പദവിയിലേക്ക് നോക്കി തല കുമ്പിടണം. പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത ഘട്ടത്തിൽ സമ്പൂർണ നിശബ്ദത പാലിക്കണം. ചോദ്യത്തോര വേള തടസ്സപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

പാർലമെന്റിനകത്തിരിക്കുമ്പോൾ, മുദ്രാവാക്യങ്ങൾ മുഴക്കാൻ പാടില്ല. അദ്ധ്യക്ഷന് പുറംതിരിഞ്ഞ് നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുത്. സഭാരേഖകളുൾപ്പെടെയുള്ളവ കീറിയെറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിക്കാൻ പാടില്ല. പാർലമെന്റിനകത്ത് കുത്തിയിരിപ്പ് സമരം നടത്തരുത്. സഭയിൽ സംസാരിക്കുമ്പോഴുമുണ്ട് വ്യക്തമായ മാർഗനിർദേശങ്ങൾ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പറയരുത്. പാർമെന്ററിയല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നതും അവസാനിപ്പിക്കണം.

രാഷ്ട്പതിയോ ഗവർണർമാരോ ലെഫ്റ്റനന്റ് ഗവർണർമാരോ പ്രസംഗിക്കുമ്പോഴും തികഞ്ഞ അച്ചടക്കം അംഗങ്ങൾ പുലർത്തണം. പ്രസംഗം തടസ്സപ്പെടുത്താനോ അതിലിടപെടാനോ ശ്രമിക്കുന്നത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. ഇത് കടുത്ത അച്ചടക്ക ലംഘനമായി കണക്കാക്കും. പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കിൽ, ഏതുതരത്തിലുള്ള നടപടിയും സ്വീകരിക്കാൻ സഭയ്ക്ക് അധികാരമുണ്ടാകും. താക്കീതോ സസ്‌പെൻഷനോ സഭയിൽനിന്ന് പുറത്താക്കലോ തടവുശിക്ഷ നൽകലോ ഉൾപ്പെടെയുള്ള ശിക്ഷകൾ തീരുമാനിക്കാൻ സഭയ്ക്ക് അധികാരമുണ്ടാകും. അംഗങ്ങളുടെ സ്വഭാവവും പെരുമാറ്റച്ചട്ടവും നിരീക്ഷിക്കാൻ രണ്ട് എത്തിക്‌സ് കമ്മറ്റികൾക്കും രൂപം നൽകും.