ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്താൻ പ്രവർത്തകർക്ക് ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശം. മെയ് 30നാണ് സർക്കാരിന്റെ ഏഴാം വാർഷികം.

അരലക്ഷം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. എല്ലാ വർഷവും വിവിധങ്ങളായ പൊതുപരിപാടികളോടെയാണ് ബിജെപി മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

എന്നാൽ ഈ വർഷം കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാജ്യത്തെമ്പാടും വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പാർട്ടി വക്താക്കൾ വ്യക്തമാക്കി.

രാഷ്ട്രീയപരമായ വിവാദങ്ങൾക്കോ സംഘർഷങ്ങൾക്കോ ഇടവരുത്താതെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.