ന്യൂയോർക്ക്: ലോകത്ത് ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാരാണ്. എല്ലാ വർഷവും ലോകം ഉറ്റുനോക്കുന്നത് പ്രശസ്ത യുഎസ് ന്യൂസ് മാഗസിൻ ടൈം പ്രസിദ്ധീകരിക്കുന്ന പട്ടികയിലാണ്. ഇന്ത്യയിൽ പ്രധാനമന്ത്രി പദത്തിൽ എത്തിയതിന് പിന്നാലെ കഴിഞ്ഞ നാലുവർഷവും പട്ടികയിൽ ഇടംപിടിച്ച നരേന്ദ്ര മോദി ഇക്കുറിയും ആദ്യ ഷോർട്ട് ലിസ്റ്റിൽ ഉണ്ടെന്ന വിവരമാണ് ഇന്ന് പുറത്തുവരുന്നത്.

പിന്നിട്ട വർഷം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താനാണ് ടൈം മാഗസിൻ പട്ടിക തയ്യാറാക്കുന്നത്. 100 പേരുടെ ചുരുക്ക പട്ടികയിലാണു തുടർച്ചയായി അഞ്ചാം വർഷവും നരേന്ദ്ര മോദി സ്ഥാനം പിടിച്ചത്. എന്നാൽ എല്ലാ വർഷത്തേയും പോലെ ഇക്കുറിയും മത്സരം കടുപ്പമാണെന്നാണ് റിപ്പോർട്ടുകൾ. നിരന്തരം വാർത്തകളിൽ നിറയുന്ന ട്രംപ്, അമേരിക്കയെ വെല്ലുവിളിക്കുന്ന കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ചൈനയിൽ വീണ്ടും അധികാരത്തിലെത്തിയ ഷി ചിൻപിങ്, റഷ്യയിൽ ഭരണത്തുടർച്ച നേടി വ്‌ളാഡിമിർ പുടിൻ തുടങ്ങി നിരവധി പ്രബലരെ കടത്തിവെട്ടിയാലേ ഇക്കുറിയും മോദിക്ക് ഒന്നാം സ്ഥാനത്ത് എത്താൻ പറ്റൂ.

തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയ മറ്റു രാഷ്ട്രത്തലവന്മാരും പട്ടികയിലുണ്ട്. രാഷ്ട്രത്തലവന്മാരെ കൂടാതെ ഫാൻസിസ് മാർപാപ്പ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഫേസ്‌ബുക് സിഇഒ മാർക്ക് സക്കർബർഗ്, ആമസോൺ മേധാവി ജെഫ് ബോസ്, സ്‌പെയ്‌സ് എക്‌സ് ടെസ്‌ല സിഇഒ ഇലൻ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക്, ന്നിവരാണ് കമ്പനി ഉടമകളിൽ പ്രമുഖർ.

മുൻ നേതാക്കളും അവരുടെ അടുപ്പക്കാരുമായ പലരും ഇക്കുറി ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചു. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ട്രംപിന്റെ മകൾ ഇവാൻകയും മരുമകൻ ജാറെദ് കുഷ്‌നറും, ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരൻ, പത്‌നി കാതറീൻ, ഹാരി രാജകുമാരൻ, പത്‌നി മെഗാൻ, പാക്കിസ്ഥാൻകാരനായ ഹോളിവുഡ് നടൻ കുമൈൽ നൻജിയാനി, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, മീ ടു സമര സ്ഥാപക ടരാന ബുർകെ തുടങ്ങിയവരും പട്ടികയിലുണ്ട്.

2013 മുതലാണ് മോദി 'ടൈം' പട്ടികയിലെ ആദ്യ നൂറുപേരിൽ ഇടംപിടിക്കുന്നത്. ഇനി വായനക്കാരുടെ ഓൺലൈൻ വോട്ടിംഗിൽ മുന്നിലെത്തുന്നവരിൽ നിന്ന് 'ടൈം' എഡിറ്റോറിയൽ ബോർഡ് അന്തിമമായി തീരുമാനിക്കുന്ന ആളെ ആണ് സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുക്കുന്നത്.