ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി മോദിയും കെജ്രിവാളും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാഗ്ദാനങ്ങൾ നൽകിയാൽ രാജ്യത്ത് മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഇരുവരും കരുതുന്നത്. എന്നാൽ വാഗ്ദാനങ്ങളിലൂടെ ഒരിക്കലും മാറ്റങ്ങൾ ഉണ്ടാകില്ല. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് അവരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിച്ചെങ്കിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂവെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിൽ ശുചീകരണ തൊഴിലാളികൾ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഇവിടെ സംസാരിക്കുന്നത് ഡൽഹിയിലെ ശുചീകരണ തൊഴിലാളികൾക്കു വേണ്ടി മാത്രമല്ല. മറിച്ച് രാജ്യത്തെ പാവപ്പെട്ട കർഷകർക്കും, മറ്റു തൊഴിലാളികൾക്കും, അടിച്ചമർത്തപ്പെട്ട ദുർബല വിഭാഗത്തിനും കൂടി വേണ്ടിയാണ്. ഞാൻ നിങ്ങളോടൊപ്പമാണ്. നിങ്ങൾക്കു വേണ്ടി എവിടെയും എത്ര ദിവസവും ഞാനുണ്ടാവും. അതു ഒരു ദിവസമോ പത്തോ, അമ്പതോ, നൂറോ ആവട്ടെ. ഞാൻ കൂടെ നിൽക്കും. നിങ്ങളുടെ ചെറിയ പ്രശ്‌നങ്ങൾക്കുപോലും എന്നും നിങ്ങൾക്കൊപ്പമുണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.

വികസനത്തിന്റെ പേരിൽ പാവപ്പെട്ടവന്റെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ഈ വികസനം പാവപ്പെട്ടവന് എങ്ങനെയാണ് പ്രയോജനം ചെയ്യുക എന്നു ചോദിച്ചാൽ അവർക്ക് ഉത്തരമില്ല. അത്തരത്തിലുള്ള വികസനം ഇന്ത്യയിലെ ജനങ്ങൾക്കാവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ഛത്തീസ്‌ഗഡിൽ നടത്തിയ പദയാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവിടെ കൽക്കരിഖനി തൊഴിലാളികൾ തുച്ഛമായ കൂലിക്കാണ് ജോലി ചെയ്യുന്നത്. അവിടെത്തെ ഓരോഖനിയിലും ദിവസവും ഒരു കോടിയിലധികമാണ് വരുമാനം. പാവപ്പെട്ട കർഷകരുടെ ഭൂമി തുച്ഛമായ വിലക്കാണ് അവർ കൈക്കലാക്കുന്നുത്. ഇത്തരം വികസനമല്ല രാജ്യത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് മൂന്നാം തവണയാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ ശുചീകരണത്തൊഴിലാളികളുടെ സമരത്തിൽ എത്തുന്നത്.
വേതനകുടിശിക ലഭിക്കാത്തതിനെ തുടർന്ന് 12 ദിവസം 12000 ൽ അധികം തൊഴിലാളികൾ നടത്തിയ സമരത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.