ന്യൂഡൽഹി: പപ്പുവായി രാഹുൽ ഗാന്ധിയെയും ഫോട്ടോഷോപ്പിലൂടെ ആർഎസ്എസിനെയും കണക്കറ്റു പരിഹസിച്ച സൈബർ ലോകത്തിന്റെ മറ്റൊരു ഇരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിനെയും ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുന്നതിനെയും മറ്റും കണക്കറ്റു കളിയാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ. ഇപ്പോഴിതാ മോദിയെ പരിഹസിക്കാൻ വീണ്ടും ഒരു വടി കിട്ടിയതിന്റെ സന്തോഷത്തിലാണ് സൈബർ ലോകം.

നേപ്പാൾ ഭൂകമ്പത്തെക്കുറിച്ച് നേപ്പാൾ പ്രധാനമന്ത്രി പോലും വിവരം അറിഞ്ഞത് തന്റെ ട്വീറ്റിലൂടെയാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഇക്കുറി സൈബർ പോരാളികൾക്കു ലഭിച്ച ആയുധം. ട്വിറ്ററിൽ സജീവമല്ലാത്ത സുശീൽ കൊയ്‌രാള തന്റെ രാജ്യത്തെ പിടിച്ചുകുലുക്കിയ ദുരന്തത്തെക്കുറിച്ചറിയാൻ മോദിയുടെ ട്വീറ്റും കാത്തിരുന്നോ എന്നാണ് സൈബർ ലോകം ചോദിക്കുന്നത്.

ട്വിറ്ററിൽ നിന്ന് ഗ്രൗണ്ടിലിറങ്ങി നമ്മുടെ പ്രധാനമന്ത്രി യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് പാലക്കാട്ടുനിന്നുള്ള സിപിഐ(എം) എംപി എം ബി രാജേഷ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ തലവൻ പോലും അറിഞ്ഞത് തന്റെ ട്വീറ്റിൽ നിന്നാണെന്ന മോദിയുടെ അവകാശവാദം.

പാർലമെന്ററി പരിശീലനം നേടാനെത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് മോദി ആ 'രഹസ്യം' വെളിപ്പെടുത്തിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ കീഴിൽ ബ്യൂറോ ഓഫ് പാർലമെന്ററി സ്റ്റഡീസ് മാദ്ധ്യമപ്രവർത്തകർക്കായി നടത്തിയ പരിശീലനക്ലാസിലാണ് മോദിയുടെ അവകാശവാദം. കൊയ്‌രാള ഉടനെ തന്നെ വിളിച്ചതായും തന്റെ ട്വീറ്റാണ് ഭൂകമ്പത്തെ കുറിച്ചുള്ള ആദ്യവിവരം നൽകിയതെന്ന് പറഞ്ഞതായും മോദി അവകാശപ്പെട്ടു. അതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'ഞാനെപ്പോഴും കണക്റ്റഡാണ്.. അതുകൊണ്ടു തന്നെ എപ്പോഴും വിവരങ്ങൾ ലഭിക്കുന്നു..'

എപ്പോഴും ജനങ്ങളുമായി കണക്റ്റഡാണെന്നതിന് മറ്റൊരു ഉദാഹരണവും മോദി നിരത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു ദിവസം പുലർച്ചെ 3.15ന് തനിക്ക് ഫോൺ വന്നു. മറുഭാഗത്ത് ഉഗ്ര സ്‌ഫോടനം പോലുള്ള ശബ്ദവും കേട്ടു. തന്റെ വീടിനടുത്തുള്ള റെയിൽവെ ട്രാക്കിൽ ട്രെയിൻ അപകടത്തിൽപെട്ട വിവരം അറിയിക്കാനാണ് ഒരു പരിചയക്കാരൻ വിളിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയേയും ജില്ലാ കളക്ടറേയും ബന്ധപ്പെട്ടപ്പോൾ അവരൊന്നും ആ വാർത്ത അറിഞ്ഞിരുന്നില്ല. ഉടൻ രക്ഷാപ്രവർത്തനത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. രാവിലെ ഏഴ് മണിക്ക് തന്നെ സംഭവ സ്ഥലം സന്ദർശിച്ചു. അന്ന് റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് എത്തിയത് ഉച്ച കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും ജനം പ്രതിഷേധവുമായി അദ്ദേഹത്തെ തടയുകയും കല്ലെറിയുകയും ചെയ്തുവെന്നും മോദി പറഞ്ഞു.