- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിതീഷിന്റെ ലക്ഷ്യം കോൺഗ്രസ് ഇതര പാർട്ടികളുടെ ഐക്യം; മൂന്നാം മുന്നണി യാഥാർത്ഥ്യമാക്കാൻ തേജസ്വി യാദവിനെ ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കാനും തയ്യാർ; പെഗസസിനലെ വിമർശനം ലക്ഷ്യമിടുന്നത് ഡൽഹിയിലെ അധികാര കസേര; മോദിയും നിതീഷും വേർപിരിയും
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും കളം മാറി ചവിട്ടുമെന്ന് സൂചന. എൻഡിഎയിൽ ബിജെപി-ജനതാദൾ (യു) ശീതയുദ്ധം വീണ്ടും ശക്തമാകുന്നതിന് പിന്നിൽ നിതീഷ് കുമാറിന്റെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാനിയാകാനുള്ള മോഹമാണെന്നാണ് വിലയിരുത്തൽ.
പെഗസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കങ്ങൾ കോൺഗ്രസുമായി അടുക്കാനുള്ള നീക്കമാണ്. ഇതിനെ കരുതലോടെ നിരീക്ഷിക്കുകയാണു ബിജെപി. നിതീഷ് കുമാറിനു പിന്നാലെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിയും പെഗസസ് വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതും നിതീഷിന്റെ ഇടപെടൽ കാരണമാണ്. ബീഹാറിൽ പ്രതിപക്ഷത്തുള്ളവരുടെ പിന്തുണയിൽ സർക്കാരിനെ നിലനിർത്താൻ നിതീഷ് ആലോചന തുടങ്ങിയിട്ടുണ്ട്.
നിലവിൽ ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്കാണ് ബീഹാർ പ്രതിപക്ഷത്തിന്റെ നേതൃത്വം. ലാലുവിന്റെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനും നിതീഷ് തയ്യാറായേക്കും. നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനത്തിന് അർഹനാണെന്ന ജെഡിയു നേതാവ് ഉപേന്ദ്ര ഖുശ്വാഹയുടെ പരാമർശവും മാറ്റത്തിന്റെ ലക്ഷണമാണ്. ബിഹാറിനെ തേജസ്വിയെ ഏൽപ്പിച്ച് ഡൽഹിക്ക് പോകാനാണ് നിതീഷിന് താൽപ്പര്യം.
ബീഹാറിലെ ഭരണ മുന്നണിയിൽ ബിജെപിയാണ് ഏറ്റവും വലിയ പാർട്ടി. രണ്ടാമത് എത്തിയിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് പിണക്കം ഒഴിവാക്കാനാണ്. നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തി കാട്ടിയാണ് എൻഡിഎ പ്രചരണം നടത്തിയത്. മുന്നണിയിൽ മുൻതൂക്കം നഷ്ടപ്പെട്ടതോടെ ബിജെപി നിതീഷിന് മേൽ പിടിമുറുക്കി. ഈ സാഹചര്യത്തിലാണ് എൻഡിഎ വിട്ട് വീണ്ടും മറുപക്ഷത്ത് എത്താൻ നിതീഷിന്റെ ആലോചന.
അതിനിടെ നിതീഷ് കുമാറിന്റെ 'ജനതാ ദർബാറി'നു ബദൽ ജനസമ്പർക്ക പരിപാടിയുമായി ബിജെപിയും കച്ചമുറുക്കി. തിങ്കളാഴ്ചകളിൽ ഔദ്യോഗിക വസതിയിൽ ജനങ്ങളുടെ പരാതികൾ നേരിട്ടു കേൾക്കുന്നതാണ് നിതീഷിന്റെ ജനതാ ദർബാർ. ബിജെപി ഈയാഴ്ച ആരംഭിച്ച 'സഹയോഗ് കാര്യക്രം' ജനസമ്പർക്ക പരിപാടിയിൽ തിങ്കൾ മുതൽ ശനി വരെ ബിജെപി മന്ത്രിമാർ പാർട്ടി സംസ്ഥാന കാര്യാലയത്തിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.
ഒരു സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്നു നിതീഷ്. മോദിയെ തോൽപ്പിക്കാൻ മുന്നിൽ നിന്നു. എന്നാൽ ബിഹാറിൽ പിടിമുറുക്കുകയാണ് ബിജെപി ചെയ്തത്. മഹാ സഖ്യത്തിൽ വിള്ളലുണ്ടാക്കി നിതീഷിനെ വീണ്ടും ബിജെപി പാളയത്തിലും എത്തിച്ചു. ഈ സൗഹൃദമാണ് വീണ്ടും പൊളിയുന്നത്.
ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് ഓം പ്രകാശ് ചൗത്താലയുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിതര പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിലൂടെ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു കൂടിക്കാഴ്ചയെന്നു ചൗത്താല വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്ത പത്തു വർഷത്തേക്ക് ഒഴിവില്ലെന്നാണു ബിഹാറിലെ ബിജെപി മന്ത്രി സമ്രാട്ട് ചൗധരി പ്രതികരിച്ചത്. നിതീഷിനു ജെഡിയുവിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ തടസമില്ലെന്നും എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ