ഹാംബുർഗ്: വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ കുറ്റവാളികളെ തിരിച്ചയക്കാൻ ബ്രിട്ടൻ സഹകരിക്കണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു.

17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നൽകിയിരുന്നു.

ജൂലൈ 10ന് സുപ്രീം കോടതിയിൽ ഹാജരാകുമെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മല്യയോട് ജൂലൈ 10 ന് സുപ്രീം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. രാജ്യംവിട്ട വിജയ് മല്യ സുപ്രീം കോടതിയെ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിമർശനത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ജൂലൈ പത്തിന് ഹാജരായി വിശദീകരണം നൽകണമെന്നും അതിനു ശേഷം ശിക്ഷാവിധി പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്

അതിനിടെ വായ്പാതട്ടിപ്പു കേസിൽ വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഹർജിയിൽ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ മാസം വാദം കേട്ടിരുന്നു. ഡിസംബർ നാലുവരെ കോടതി മല്യയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ലണ്ടനിലുള്ള മല്യയെ ഏപ്രിലിൽ സ്‌കോട്ട്‌ലന്റ് യാർഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.

 ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപ വായ്പയെടുത്താണു മല്യ നാടുവിട്ടത്. ലണ്ടനിൽ സുഖജീവിതം നയിക്കുകയാണ് മല്യയെന്നാണു റിപ്പോർട്ട്. കഴിഞ്ഞദിവസം ബർമിങ്ഹാമിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരം കാണാനെത്തിയ മല്യ, വിരാട് കോഹ്ലി ഫൗണ്ടേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതു വാർത്തയായിരുന്നു.