ന്യൂഡൽഹി: പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള ഭയം മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചത് കേന്ദ്ര ബജറ്റിനെ. 125 കോടി ജനങ്ങൾക്കു മുന്നിൽ എനിക്കുള്ള പരീക്ഷയാണു നാളെ നടക്കുന്ന കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പറഞ്ഞു.

മറ്റുള്ളവരോടല്ല, ഓരോരുത്തരും തങ്ങളോട് തന്നെയാണ് മൽസരിക്കേണ്ടതെന്ന് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ഉപദേശം നൽകി. വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന മോദി മറ്റുള്ളവർ അർപ്പിക്കുന്ന പ്രതീക്ഷകളുടെ സമ്മർദത്തിൽ വീണു പോവരുതെന്നും ഉപദേശിച്ചു.

ആദ്യം ലക്ഷ്യം നിർണയിക്കുക. അതിനുശേഷം സമ്മർദങ്ങൾ അകറ്റി മനസ്സിനെ സ്വതന്ത്രമാക്കുക . പരീക്ഷ എന്നത് മാർക്കുകൾ കൊണ്ട് മാത്രം അളക്കേണ്ടതല്ല. ഈ പരീക്ഷകളിൽ എന്തു സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെ നടക്കുന്ന ബജറ്റ് പരീക്ഷയും വിദ്യാർത്ഥികൾക്ക് നടക്കുന്ന പരീക്ഷയും വിജയം കാണുമെന്ന് അദ്ദേഹം പറഞ്ഞു.