ന്യൂഡൽഹി: തന്നെയും സർക്കാരിനെയും തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചായവിൽപ്പനക്കാരൻ പ്രധാനമന്ത്രിയായതു ചിലർക്ക് അംഗീകരിക്കാനാകുന്നില്ല. വിദേശപണത്തിന്റെ ഉറവിടം ചോദിച്ചതാണ് ആരോപണങ്ങൾക്കു കാരണമെന്നും മോദി പറഞ്ഞു.

വിദേശസഹായം ലഭിക്കുന്ന സന്നദ്ധസംഘടനകൾക്ക് ഇതിൽ പങ്കുണ്ട്. അപമാനിച്ചു തകർക്കാനുള്ള ശ്രമങ്ങൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും മോദി പറഞ്ഞു.

ജെഎൻയു വിഷയം പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പ്രത്യക്ഷമായി ഇക്കാര്യത്തിൽ ഒന്നും മോദി പറഞ്ഞില്ല. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണു മോദി പറയുന്നത്. കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിൽ തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെ കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു മോദി. ജെഎൻയു വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിൽ കടുത്ത വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണു പേരെടുത്തു പറയാതെ മോദിയുടെ പരാമർശം.