ന്യൂഡൽഹി: പാചകവാതക വിലവർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച്് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വില വർധനവ് മൂലം സർക്കാറിന്റെ വികസന പ്രസംഗങ്ങൾക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.

'പ്രൈസ് ഹൈക്' എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലാണ് രാഹുൽഗാന്ധി ഗ്യാസ് വില വർധനവിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. സർക്കാരിന്റെ വികസന വാചകമടിയിൽ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾ ചൂളകൾ (വിറകടുപ്പ്) ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന വണ്ടി റിവേഴ്‌സ് ഗിയറിലാണെന്നും അതിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാറിന്റെ വാക് ചാതുര്യങ്ങളിൽ നിന്നും ഏറെ ദുരെയാണ് വികസനം. പാചകവാതക വില വർധനവ് മൂലം ലക്ഷകണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും രാഹുൽഗാന്ധി കൂട്ടിചേർത്തു.

 

ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവർധന താങ്ങാനാവാത്തതിനെ തുടർന്ന് എൽ.പി.ജി. സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സർവേ അടിസ്ഥാനമാക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.