മേക് ഇൻ ഇന്ത്യാ പ്രസംഗത്തിന് വിദേശത്തും കേൾവിക്കാർ വേണമെന്ന് മോദി; വ്യവസായികളെ സംഘടിപ്പിക്കാൻ വിദേശത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ ഓട്ടത്തിൽ
ന്യൂഡൽഹി : വികസനത്തെ കുറിച്ച് വലിയ ലക്ഷ്യങ്ങളാണ് നരേന്ദ്ര മോദിക്ക്. വൈബ്രന്റ് ഗുജറാത്തെന്ന ആശയം തന്നെയാണ് പ്രധാനമന്ത്രി കസേരിയിലേക്ക് തന്നെ എത്തിച്ചതെന്ന് മോദിക്ക് തിരിച്ചറിവുണ്ട്. ഈ മാതൃകയുടെ പുതിയ അവതാരമാണ് മേക് ഇൻ ഇന്ത്യ(ഇന്ത്യയിൽ നിർമ്മിക്കാം). ഈ മാസം 25ന് പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തും. വിശദമാ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി : വികസനത്തെ കുറിച്ച് വലിയ ലക്ഷ്യങ്ങളാണ് നരേന്ദ്ര മോദിക്ക്. വൈബ്രന്റ് ഗുജറാത്തെന്ന ആശയം തന്നെയാണ് പ്രധാനമന്ത്രി കസേരിയിലേക്ക് തന്നെ എത്തിച്ചതെന്ന് മോദിക്ക് തിരിച്ചറിവുണ്ട്. ഈ മാതൃകയുടെ പുതിയ അവതാരമാണ് മേക് ഇൻ ഇന്ത്യ(ഇന്ത്യയിൽ നിർമ്മിക്കാം).
ഈ മാസം 25ന് പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തും. വിശദമായ പദ്ധതികൾ ഇതിനായി തയ്യാറായിക്കഴിഞ്ഞു. ചുവപ്പുനാട ഒഴിവാക്കി, സുതാര്യത ഉറപ്പുവരുത്തി വ്യവസായങ്ങളെ ആകർഷിക്കാനാണ് നീക്കം. പ്രത്യേകിച്ച് നിർമ്മാണ യൂണിറ്റുകളെ. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള ശ്രദ്ധ തന്നിലെത്തണമെന്നും മോദി ആഗ്രഹിക്കുന്നു. അതുറപ്പുവരുത്താൻ ബന്ധപ്പെട്ടവരോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ എംബസികളോട് ഇതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. രാജ്യത്ത് മുതൽമുടക്കാനാഗ്രഹിക്കുന്ന എല്ലാവരും മോദിയുടെ പ്രസംഗം കേൾക്കണം. അതിനുള്ള പ്രവർത്തനങ്ങൾ വിദേശത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ തുടങ്ങിക്കഴിഞ്ഞു. പദ്ധതിയുടെ സാധ്യതകളും മറ്റും പ്രാഥമികമായി വിദേശ നിക്ഷേപകരെ അറിയിക്കും. അതിലൂടെ മോദിയുടെ പ്രഖ്യാപനത്തിലേക്ക് അവരുടെ ശ്രദ്ധയിത്തിക്കാമെന്നാണ് പ്രതീക്ഷ.
മോദിയുടെ വികസന സ്വപ്നങ്ങൾക്ക് അന്തർരാഷ്ട്ര അംഗീകാരം കിട്ടാൻ തന്നെയാണ് നീക്കം. മോദിക്കുള്ള ആഗോളപ്രശസ്തി നിക്ഷേപമായി മാറുന്ന വിലയിരുത്തലാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ചിട്ടയായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നാണ് വിദേശത്തെ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശം.
രാജ്യത്തുടനീളവും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. പരമാധി നിക്ഷേപകരിലേക്ക് മാറുന്ന ഇന്ത്യയുടെ അനുകൂല സാഹചര്യമെത്തിക്കണമെന്നാണ് മോദിയുടെ ആഗ്രഹം. വാഹനിർമ്മാണം, പ്രതിരോധം, റെയിൽവേ, വിനോദസഞ്ചാരം തുടങ്ങി ഇരുപത്തിനാല് മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് പ്രധാനമന്ത്രി തേടുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം തന്നെയാണ് ലക്ഷ്യമിടുന്നതും.
പരാതി പരിഹാരത്തിന് അടിയന്തര സംവിധാനമൊരുക്കുന്നതിലൂടെ വ്യവസായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉറപ്പാക്കും. ഇതിനായി എട്ടംഗ വിദഗ്ധ സമിതിയേയും നിയോഗിക്കാനാണ് തീരുമാനം. 48 മണിക്കൂറിനുള്ളിൽ പ്രശ്ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. പരാതിയിൽ തീരുമാനമെടുക്കാൻ സമിതിക്ക് കഴിഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മേലധ്യക്ഷന് കൈമാറും. അവിടെ നിന്ന് മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം ഉറപ്പാക്കും.
ഏകജാലക സംവിധാനമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ മേക് ഇൻ ഇന്ത്യാ പ്രസംഗത്തിൽ മോദി വിശദീകരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് നിർമ്മാണ മേഖലയുടെ കരുത്ത് അനിവാര്യമാണെന്ന തരിച്ചറിവാണ് വൈബ്രന്റ് ഗുജറാത്തിന്റെ പുത്തൻ പതിപ്പായ മേക് ഇൻ ഇന്ത്യയുടെ അടിസ്ഥാനം.