ന്യൂഡൽഹി: 'ഇന്ത്യയ്ക്ക് കണ്ണിന് കണ്ണാണ് ഇസ്രയേലെ'ന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. 'ഐ ഫോർ ഐ' എന്ന ആംഗലേയ വചനത്തെയാണ് മോദി ഇങ്ങനെ തിരുത്തിയത്.'ഇന്ത്യ ഫോർ ഇസ്രയേൽ,ഇസ്രയേൽ ഫോർ ഇന്ത്യ'.ഇസ്രയേലിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോദി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

പ്രോട്ടോക്കോൾ പോലും ലംഘിച്ചാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രസിഡന്റ് വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തിച്ചേർന്നതെന്നും ഇത് ഇന്ത്യയോടുള്ള ആദരമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യനേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രസിഡന്റ് റുവിൻ റവ്ലിനും പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചതിന്റെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
ബുധനാഴ്ച രാവിലെയാണ് ഇരുവരും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്.യഹൂദഭൂരിപക്ഷ രാജ്യമായ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി