ന്യൂഡൽഹി: ഇനി ലോക പൊലീസിന്റെ അമരത്ത് ഡൊണാൾഡ് ട്രംപാണ്. അമേരിക്കയുടെ അമരത്ത് നിന്ന് ഒബാമ വിടവാങ്ങുകയാണ്. ഏറ്റവും ജനപ്രിയനായ ഭരണാധികാരിയിൽ നിന്ന് അധികാരം ട്രംപിലെത്തുന്നു. ഇതോടെ നവമാദ്ധ്യമങ്ങളിൽ ഏറ്റവും അധികം പേർ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറുകയാണ്. അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അവരോധിതനായതിനു തൊട്ടു പിന്നാലെയാണ് ഇന്റർനെറ്റിൽ മോദിയുടെ മുന്നേറ്റം.

ലോക ജനത ഏറ്റവും അധികം ഉപയോഗിക്കുന്ന നവമാദ്ധ്യമങ്ങളായ ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഗൂഗിൾ പ്ലസ് എന്നിവയിലെല്ലാം മോദിക്കാണ് പിൻഗാമികൾ കൂടുതൽ. ആശയവിനിമയത്തിനായി ഡിജിറ്റൽ സംവിധാനങ്ങളെ കൂട്ടുപിടിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സാങ്കേതിക വിദ്യയെ സർക്കാർ സംവിധാനങ്ങൾക്കായും മോദി ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സമൂഹമാദ്ധ്യമങ്ങളിലെ നരേന്ദ്ര മോദിയുടെ ഫോളോവേഴ്സ് ഇങ്ങനെ പോകുന്നു. ട്വിറ്റർ- 2.65 കോടി, ഫേസ്‌ബുക്ക- 3.92 കോടി, ഗൂഗിൾ പ്ലസ്- 32ലക്ഷം, ലിങ്കട് ഇൻ- 19.9 ലക്ഷം, ഇൻസ്റ്റാഗ്രാം- 58ലക്ഷം യൂട്യൂബ്- 5.91 ലക്ഷം എന്നിങ്ങനെ പോകുന്നു.

മോദി അവതരിപ്പിച്ച മൊബൈൽ ആപ്പായ ഭീം ഇതുവരെ ഡൗൺലോഡ് ചെയ്തവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഒബാമയായിരുന്നു ഏറ്റവും ഫോളോവേഴ്‌സ് സോഷ്യൽ മീഡിയയിലുണ്ടായിരുന്ന ഭരണതലവൻ. ഒബാമ സ്ഥാനം ഒഴിഞ്ഞതോടെയാണ് മോദി ഇക്കാര്യത്തിൽ ഒന്നാമനായത്.