ന്യൂഡൽഹി: പത്താൻകോട്ടിൽ നടന്ന ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ നിരുത്തരവാദപരമായി പെരുമാറിയെന്ന ആരോപണമുന്നയിച്ച എൻഡിടിവിക്കെതിരെ ബിജെപി അനുകൂലികൾ രംഗത്ത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഷട്ട് ഡൗൺ എൻഡിടിവി ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

എൻഡിവി അടച്ചുപൂട്ടണമെന്നും ബർഖ ദത്തിനെ പാക്കിസ്ഥാനിലേക്കു നാടുകടത്തണമെന്നുമാണ് ഷട്ട് ഡൗൺ എൻഡിവി ക്യാമ്പയിനുകാർ ആവശ്യപ്പെടുന്നത്. #ShutDownNDTV എന്ന ക്യാമ്പയിനിൽ എൻഡിടിവി ദേശവിരുദ്ധ ചാനലാണെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

പത്താൻകോട്ടിൽ ആക്രമണം നടത്താൻ ഭീകരർ എങ്ങനെ എത്തി എന്ന വിധത്തിൽ അന്വേഷണാത്മക റിപ്പോർട്ട് എൻഡിടിവി ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. സൈനികർ കൊലപ്പെടുത്തിയ ആറുപേർ മാത്രമല്ല, രണ്ടുട്രക്കുകൾ നിറയെ ഭീകരർ സൈനിക താവളത്തിൽ എത്തിയെന്നും ബർഖ ദത്ത് റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും സാർക്ക് ഉച്ചക്കോടിക്കിടെ കൂടിക്കാഴ്ച നടത്തിയെന്നും ബർക്ക ദത്തിന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇത് അടിസ്ഥാന രഹിതമാണെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.

ഇത്തരത്തിലുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് എൻഡിടിവി അടച്ചുപൂട്ടണമെന്നും, എഡിറ്റർ ഇൻ ചീഫായ ബർഖ ദത്തിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി അനുകൂലികൾ രംഗത്ത് എത്തിയത്.