ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേദിയിലേക്ക് റോബർട്ട് വധേരയെന്ന കോൺഗ്രസ് അധ്യക്ഷയുടെ മരുമകന്റെ ഭൂമി ഇടപാട് കൊണ്ടുവന്ന വേളയിലൊക്കെ ഭാഗ്യം നരേന്ദ്ര മോദിക്കൊപ്പം നിന്നുവെന്നാണ് ചരിത്രം. ഈ വിശ്വാസം ഉള്ളതുകൊണ്ടു തന്നെ വധേരയെയും വധേരയ്ക്ക് ഒത്താശ ചെയ്യുന്നവരെയും രൂക്ഷമായി വിമർശിച്ച് മോദി ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും വിമർശിച്ചാണ് പ്രധാനമന്ത്രി മോദി ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്. മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയെയും മോദി വിമർശിച്ചു.

ഹര്യാനയിൽ കുടുംബവാഴ്ചയാണ് നടക്കുന്നതെന്ന് ആരോപിച്ച മോദി, തിരഞ്ഞെടുപ്പ് സമയത്ത് വാദ്രയും ഡി.എൽ.എഫുമായുള്ള ഭൂമി ഇടപാടുകൾക്ക് അനുമതി നൽകുകയാണെന്ന് പറഞ്ഞു. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും ഹിസാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് ശേഷം അധികാരം കിട്ടില്ലെന്ന് അറിയാവുന്ന ഭൂപീന്ദർ സിങ് ഹൂഡ സർക്കാർ നിയമവിരുദ്ധമായി ഭൂമി ഇടപാടുകൾക്ക് അനുമതി നൽകുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നാൽ വിവാദ തീരുമാനത്തിന് പിന്നിലെ സത്യം പുറത്ത് വരുമെന്ന് കോൺഗ്രസ് ഭയക്കുന്നു. കോൺഗ്രസിന്റെ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണ് ഹൂഡയുടെ തീരുമാനത്തിന് പിന്നിൽ. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. അതിനാൽ തന്നെ ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കുമെന്നാണ് താൻ കരുതുന്നത് എന്നും മോദി പറഞ്ഞു.

ഹര്യാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലയെയും മോദി വിമർശിച്ചു. ഹര്യാനയെ മസിൽമാന്മാരുടെ കൈയിൽ നിന്ന് മോചിപ്പിക്കേണ്ട സമയം ആയെന്ന് ചൗത്താലയുടെ പേര് എടുത്ത് പറയാതെ മോദി വിമർശിച്ചു. സംസ്ഥാനത്ത് മികച്ച ഭരണവും സ്ത്രീകൾക്ക് സുരക്ഷയും ഉറപ്പാക്കണമെങ്കിൽ ഇത്തരം മല്ലന്മാർ അധികാരത്തിൽ എത്തുന്നത് തടയണമെന്നും മോദി ആവശ്യപ്പെട്ടു. ഹര്യാനയിൽ കഴിഞ്ഞ 25 വർഷമായി മാറിമാറി ഭരിച്ചവർ കുടുംബാധിപത്യത്തിനാണ് മുൻതൂക്കം നൽകിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.