ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കറൻസി പിൻവലിക്കൽ മണ്ടൻ തീരുമാനമായെന്ന് നാലുമിനിറ്റുനേരത്തെ പ്രസംഗത്തിലൂടെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് വ്യക്തമാക്കിയതോടെ നരേന്ദ്ര മോദി രാജ്യസഭയിൽ നിന്ന് സ്ഥലംവിട്ടോ? രാജ്യത്തെ ജനം എത്രത്തോളം വിഷമിക്കുന്നുവെന്നും റിസർവ് ബാങ്കിനെ നിയന്ത്രിക്കാൻ കഴിയാത്തത് ധനകാര്യ മന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും പോരായ്മയാണെന്നും കുറഞ്ഞവാക്കുകളിൽ, അക്കമിട്ടു നിരത്തി രാജ്യത്തെ മുതിർന്ന ധനകാര്യ വിദഗ്ധൻ കൂടിയായ മന്മോഹൻസിങ് ഇന്ന് രാവിലെ രാജ്യസഭയിൽ പ്രസംഗിച്ചിരുന്നു. ഈ സമയത്ത് എല്ലാം കേട്ടിരിക്കുകയായിരുന്നു കറൻസി നിരോധനത്തിന് നേതൃത്വം നൽകിയ മോദിയും ജെയ്റ്റ്‌ലിയും.

പക്ഷേ, ഉച്ചഭക്ഷണത്തിനുശേഷം മോദി വീണ്ടും സഭയിൽ നിന്ന് വിട്ടുനിന്നു. ഇതോടെ പ്രതിപക്ഷം മോദിയെത്താതെ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് മൂന്നരവരെ സഭ നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെ മന്മോഹന്റെ കുറിക്കുകൊള്ളുന്ന പ്രസംഗം കേട്ടതോടെ സഭയിൽ ഇരിക്കാനാവാതെ മോദി സ്ഥലംവിട്ടുവെന്ന് സോഷ്യൽ മീഡിയയിലും പ്രശ്‌നം ചർച്ചയായിരിക്കുകയാണ്.

അതേസമയം മോദി സഭയിൽ ഉടനെയെത്തുമെന്നും ചർച്ച തുടരാമെന്നും ജെയ്റ്റ്‌ലി പറഞ്ഞെങ്കിലും പ്രതിപക്ഷം അതിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇപ്പോൾ സഭ നിർത്തിവച്ചിട്ടുള്ളത്.

കറൻസി നിരോധനത്തെപ്പറ്റി ചർച്ചചെയ്യുന്നതിന് മോദി നേരിട്ട് സഭയിൽ എത്തിയേ തീരൂ എന്ന പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം കടുംപിടിത്തം പിടിച്ചതോടെയാണ് ഇന്ന് മോദി സഭയിൽ എത്തിയത്. മോദി എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബഹളമയമായിരുന്നു. ഒരു ചർച്ചയും നടക്കാതായതോടെ പ്രതിപക്ഷാവശ്യത്തിന് വഴങ്ങി ഇന്ന് മോദി രാജ്യസഭയിൽ എത്തിയിരുന്നു. ഇതോടെ സഭയിൽ കറൻസി നിരോധനം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ച് ചർച്ച തുടങ്ങുകയും ചെയ്തു.

ഇക്കാര്യത്തിൽ രാജ്യത്തെ മുതിർന്ന ധനകാര്യ വിദഗ്ധൻ കൂടിയായ മന്മോഹൻ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. രാജ്യത്തെ ജനങ്ങളുടെ പണം ബാങ്കിൽനിന്ന് എടുക്കാൻ അനുവദിക്കാത്ത മറ്റൊരു രാജ്യം കാണിച്ചുതരാമോ എന്നു ചോദിച്ച മന്മോഹൻ കറൻസി നിരോധനം നടപ്പാക്കിയതിൽ വൻ പാളിച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്ക് മറുപടിയില്ലാതായതോടെ മോദി സഭവിട്ടുവെന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്.

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പ്രധാനമന്ത്രി സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്താണെന്ന് ചോദിച്ച പ്രതിപക്ഷം അദ്ദേഹം വന്നാലെ ചർച്ച തുടരാൻ തയ്യാറുള്ളൂ എ്ന്ന ഉറച്ച നിലപാടിലാണ്. കഴിഞ്ഞ അഞ്ച് ദിവസവും പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് ഇന്ന് രാവിലെ സഭയിലെത്തിയ മോദി മന്മോഹൻ സിങ്, ഗുലാം നബി ആസാദ്, ശരത് യാദവ്, പ്രഫുൽ പട്ടേൽ, കനിമൊഴി എന്നിവരുമായി അദ്ദേഹം സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.