ആലുവ: നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഇന്ന് രാവിലെ കോൺഗ്രസിന്റെ സമര പന്തലിൽ മോഫിയയുടെ അമ്മ എത്തി. സിഐയുടെ ക്രൂരതയാണ് മകളുടെ ജീവനെടുത്തതെന്ന് അവർ പ്രതികരിച്ചു. പിതാവ് ദിൽഷാദ് സലിം പീഡനങ്ങൾ ക്രൂരമാണെന്ന് പറയുന്നു. കോൺഗ്രസ് ഇപ്പോഴും സമരം തുടരുകയാണ്.

ഭർത്താവ് സുഹൈലിന്റെ വീട്ടിൽ ക്രൂരപീഡനങ്ങളാണ് മോഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദിൽഷാദ് പറഞ്ഞു. പുറത്തുപറയാൻ കഴിയാത്തരീതിയിലുള്ള ലൈംഗിക വൈകൃതങ്ങൾക്ക് മകൾ ഇരയായി. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദിച്ചിരുന്നു. യുട്യൂബിൽ വീഡിയോ നിർമ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും സുഹൈൽ ആവശ്യപ്പെട്ടു. പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അന്ന് മകൾ പറഞ്ഞത്. ഇതിനുപിന്നാലെ കൈ ഒടിക്കാൻ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിർത്താനും മോഫിയയെ ഭർത്താവ് നിർബന്ധിച്ചിരുന്നു.

ഇത്തരത്തിൽ മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മോഫിയ പരാതി നൽകിയത്. ഇതോടെ പരാതി ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് ആലുവ സിഐ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചർച്ച നടക്കുന്ന ദിവസം മറ്റൊരാൾക്കൂടി സിഐയുടെ ഓഫീസിലുണ്ടായിരുന്നു. കുട്ടിസഖാവ് എന്നായിരുന്നു അയാളെ വിശേഷിപ്പിച്ചത്. അയാളുടെ യഥാർഥ പേരറിയില്ല. സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. അങ്ങനെയാണ് മകൾ പറഞ്ഞിരുന്നത്-കുടുംബം വിശദീകരിക്കുന്നു.

ഈ വ്യക്തിയും സിഐയും ചേർന്നാണ് പരാതി ഒതുക്കിത്തീർക്കാൻ നോക്കിയത്. സംഭവത്തിൽ കുട്ടിസഖാവിന്റെ പങ്കും അന്വേഷിക്കണം. മാത്രമല്ല, സിഐ സുധീറിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും മോഫിയയുടെ പിതാവ് പറഞ്ഞു. സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ കുട്ടി സഖാവിനെ കുറിച്ച് വ്യക്തമാകും. എന്നാൽ കുട്ടി സഖാവിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു പോകരുതെന്ന നിർദ്ദേശം പൊലീസിന് ഉന്നതർ നൽകിയിട്ടുണ്ട്. സർക്കാർ പ്രതിസന്ധിയിലാകുമെന്ന സാഹചര്യത്തിലാണ് ഇത്.

കുട്ടി സഖാവിന്റെ ഇടപെടലിനെ കുറിച്ച് സിഐ പറയുമോ എന്ന ഭയം സർക്കാരിനുമുണ്ട്. ഇതുകൊണ്ട് മാത്രമാണ് സിഐയെ സസ്‌പെന്റ് ചെയ്യാത്തതെന്നാണ് സൂചന. പൊലീസ് ആസ്ഥാനത്തേക്ക് സിഐ മാറ്റിയെങ്കിലും കോൺഗ്രസ് പ്രതിഷേധത്തിലാണ്. ഇത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുടുംബത്തെ അനുനയിപ്പിക്കാൻ സിപിഎം തന്ത്രങ്ങൾ മെനയുന്നുണ്ട്. കൂടുതൽ പ്രതിരോധത്തിലാകുന്നത് തടയാൻ സിഐയ്‌ക്കെതിരെ സസ്‌പെൻഷൻ ആണ് നല്ലതെന്ന ചർച്ചയും സജീവമാണ്.

വേദനയായി അച്ഛന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മകളുടെ അകാല മരണത്തിൽ ഉള്ളുലഞ്ഞ പിതാവിന്റെ ഫേസ്‌ബുക് പോസ്റ്റ് ബന്ധുക്കൾക്കും നാട്ടുകാർക്കും വേദനയായി. ഗാർഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ പിതാവു ദിൽഷാദാണു താൻ മകൾക്കൊപ്പം പോവുകയാണെന്നു കാണിച്ച് ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇത് ഏറെ ആശങ്കയുണ്ടാക്കി. ഈ കണ്ണീരും അധികാരികൾ കാണുന്നില്ലെന്നതാണ് വസ്തുത.

'എന്റെ മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്കു സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവൻ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദിൽഷാദ് ഫേസ്‌ബുക്കിൽ കുറിച്ചു.