ആലുവ: നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മൊഫിയയുടെ മാതാവ് ഫാരിസ. ഡിവൈഎഫ്ഐ നേതാവിനേയും കൂട്ടിയാണ് മൊഫിയയുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിൽ എത്തിയിരുന്നതെന്നും അവർ പറഞ്ഞു. ഇതോടെ വീണ്ടും കുട്ടി സഖാവ് ചർച്ചകളിൽ എത്തുകയാണ്. പൊലീസ് സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ കുട്ടി സഖാവ് ആരെന്ന് വ്യക്തമാകും. ഇത് നശിപ്പിക്കാനും ഉന്നത ഇപടെലുകൾ ഉണ്ടാകുന്നുവെന്നാണ് സൂചന.

മൊഫയയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർത്തൃമാതാവ് റുഖിയ (55), ഭർത്തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇവരെ കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് ചൊവ്വാഴ്ച അർധരാത്രി കസ്റ്റഡിയിലെടുത്തത്. എന്നാൽ സിഐയും ഡിവൈഎഫ് ഐ നേതാവും മൊഫിയയെ അപമാനിക്കാൻ മുന്നിൽ നിന്നിരുന്നു. അതുകൊണ്ട് തന്നെ അവരേയും കേസിൽ പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്.

'ഡിവൈഎഫ്ഐയുടെ ഒരു നേതാവ് അവർക്കൊപ്പമുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞിരുന്നു. അതാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മൊഫിയയെ അവർ മാനസികരോഗിയാക്കി ചിത്രീകരിച്ചു. ഒരുപാട് സ്വപ്നങ്ങൾ ഉള്ളവാളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെൻഷൻ കൊണ്ടും കാര്യമില്ല. ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണം' - മൊഫിയയുടെ മാതാവ് ആവശ്യപ്പെട്ടു. എന്നാൽ സിഐ കുട്ടി സഖാവിന്റെ പേരു പറയുമോ എന്ന ഭയം സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ സിഐയെ സംരക്ഷിക്കും.

മാനസികരോഗിയാണെന്ന് അവർ നിരന്തരം പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടർ പറഞ്ഞത് ഭർത്താവിനാണ് കൗൺസിലിങ് നൽകേണ്ടതെന്നാണ്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. അവസാനം വരെ നല്ലരീതിയിൽ വരുമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാൽ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്-അമ്മ പറയുന്നു.

മൊഫിയയുടെ ആത്മഹത്യക്കുറിപ്പിൽ ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടേയും പേരിനൊപ്പം ആലുവ സിഐ.ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിഐയെ മാത്രം കേസിൽ പ്രതിയാക്കിയില്ല. വളരെ ക്രൂരമായി സിഐ മൊഫിയയോട് പെരുമാറിയെന്നതാണ് വസ്തുത. ഇതേത്തുടർന്ന് ആലുവ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.

മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സിഐ. സി.എൽ. സുധീറിന് സ്ഥലംമാറ്റം നൽകിയിരുന്നു. സുധീർ സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഇതിനുശേഷമേ സ്ഥലംമാറ്റം എങ്ങോട്ടാണെന്ന് തീരുമാനിക്കു. അതേസമയം, ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും സിഐ.യെ സസ്പെൻഡ് ചെയ്യാത്തതിൽ വിവിധകോണുകളിൽനിന്ന് അമർഷമുയരുന്നുണ്ട്.

സിഐ.ക്കെതിരേ ഗുരുതര ആരോപണമാണ് മൊഫിയയുടെ വീട്ടുകാരും ബന്ധുക്കളും ഉയർത്തിയിരുന്നത്. പരാതിക്കാരിയായ മൊഫിയയെ ഭർത്താവിന്റെയും വീട്ടുകാരുടെയും മുന്നിൽവെച്ച് സിഐ. സുധീർ പരിഹസിച്ചതായാണ് ആരോപണം. ഒരുമാസംമുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മൊഴിയെടുപ്പിക്കുന്നതിനുവേണ്ടി യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒപ്പം ഭർത്താവിന്റെ വീട്ടുകാരെയും. സംസാരത്തിനിടെ 'താൻ തന്തയാണോടോയെന്ന്' മോഫിയയുടെ പിതാവിനോട് സിഐ. ചോദിച്ചു. മകൾക്ക് 'മെന്റലാണോ'യെന്നു ചോദിച്ച് പരിഹസിച്ചതായും ബന്ധുക്കൾ പറഞ്ഞിരുന്നു.

പൊലീസ് സ്റ്റേഷനിൽനിന്ന് തിരികെ വന്നപ്പോൾ നീതി കിട്ടുന്നില്ലല്ലോയെന്ന് മോഫിയ ആശങ്കപ്പെട്ടിരുന്നു. സിഐ.യുടെ സംസാരരീതിയിലും മൊഫിയ വിഷമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ദേശീയ വനിതാ കമ്മിഷനിലും സംസ്ഥാന വനിതാ കമ്മിഷനിലും പൊലീസിലും ഭർതൃപീഡനത്തിനെതിരേ മൊഫിയ പരാതി നൽകിയിരുന്നു. എന്നാൽ, സ്റ്റേഷനിൽവെച്ച് പെൺകുട്ടി ഭർത്താവിനെ കരണത്തടിച്ചതിനെത്തുടർന്ന് താൻ പെൺകുട്ടിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സിഐ. സി.എൽ. സുധീറിന്റെ പ്രതികരണം. യുവതിയുടെ ഭാഗം പറഞ്ഞശേഷം ഭർത്താവ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്റെ മുന്നിൽവച്ചാണ് അവർ ഭർത്താവിന്റെ കരണത്തടിച്ചതെന്നും സിഐ. പറഞ്ഞിരുന്നു.

നേരത്തെ അഞ്ചൽ സിഐ.യായിരിക്കെയും സുധീറിനെതിരേ ഗുരുതര ആരോപണങ്ങളുയർന്നിരുന്നു. ഉത്ര വധക്കേസിലടക്കം ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. ഈ സംഭവത്തിൽ റൂറൽ എസ്‌പി. സിഐക്കെതിരായ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു. തുടർന്ന് അഞ്ചലിൽനിന്ന് പത്തനംതിട്ടയിലേക്കായിരുന്നു സുധീറിനെ സ്ഥലംമാറ്റിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സുധീർ ആലുവയിലെത്തിയത്.