ആലുവ: പരാതി നൽകാൻ എത്തുന്നവരെ പിടിച്ച് അകത്തിടുന്നത് താലിബാനിസമാണ്. ഇന്നലെ ആലുവയിൽ അതിന് തൊട്ടടുത്ത് വരെ കാര്യങ്ങളെത്തി. സഹപാഠിയായ മോഫിയ പർവീണിനു നീതി നിഷേധിച്ച ഇൻസ്‌പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ അൽ അസ്ഹർ ലോ കോളജിലെ സഹപാഠികൾ എസ്‌പി ഓഫിസിലേക്കു നടത്തിയ മാർച്ച് വൈകാരിക പ്രതികരണങ്ങൾക്കു വഴിയൊരുക്കി. എന്നാൽ അതിന്റെ പേരിൽ പൊലീസ് കാട്ടാൻ ശ്രമിച്ചത് നീതിക്ക് വേണ്ടി പോരടിക്കുന്നവരെ അഴിക്കുള്ളിലാക്കാനുള്ള ക്രൂര മനസ്സാണ്. പൊലീസ് മർദിച്ചതായി ആരോപിച്ച വിദ്യാർത്ഥികൾ എസ്‌പിക്കും മുഖ്യമന്ത്രിക്കും വിഡിയോ സഹിതം പരാതി നൽകുമെന്നറിയിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവർ ബുധനാഴ്ച രാവിലെ ആരംഭിച്ച സമരം തുടരുകയാണ്. സിഐ സുധീറിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നതാണ് ഇവരുടെ ആവശ്യം.

സഹപാഠിയായ മോഫിയ പർവീണിനു നീതി നിഷേധിച്ച ഇൻസ്‌പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ അൽ അസ്ഹർ ലോ കോളജിലെ സഹപാഠികളുടെ മാർച്ച് തടഞ്ഞ പൊലീസിനോടു പരാതി കൊടുക്കാൻ എസ്‌പി ഓഫിസിലേക്കു കടത്തിവിടണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളടക്കം 17 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻകൂട്ടി അനുവാദം വാങ്ങാതെ പ്രകടനം നടത്തിയെന്നു കാണിച്ചാണിത്. വിദ്യാർത്ഥികളെ പിന്നീട് എടത്തല പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചു ഡീൻ കുര്യാക്കോസ് എംപി സ്റ്റേഷനിൽ എത്തി.

ഭർതൃവീട്ടിൽ നേരിട്ടിരുന്ന പ്രയാസങ്ങൾ തങ്ങളുമായി മോഫിയ പങ്കുവയ്ക്കാറുണ്ടെന്നു സഹപാഠികൾ പറഞ്ഞു. രണ്ടാഴ്ച അവധിയെടുക്കുകയാണെന്നും എസ്‌പിക്കും മറ്റും പരാതി കൊടുത്ത ശേഷം മടങ്ങിവരുമെന്നും പഠനം തുടരണമെന്നും പറഞ്ഞ ശേഷമാണു മോഫിയ കോളജിൽ നിന്നു പോയത്. ഇതാണ് സഹപാഠികളുടെ വേദനയ്ക്ക് കാരണം. അതിനിടെ പൊലീസ് ഇൻസ്‌പെക്ടർ ആക്രോശിക്കുന്നതിനു പകരം ആശ്വാസവാക്കു പറഞ്ഞിരുന്നെങ്കിൽ പൊന്നുമകൾ ഇപ്പോഴും കൂടെയുണ്ടാകുമായിരുന്നു എന്നു മോഫിയ പർവീണിന്റെ മാതാവ് ഫാരിസ പറയുന്നു. നീതി തേടിയാണു പൊലീസ് സ്റ്റേഷനിൽ പോയത്. അവിടെ നീതി ലഭിക്കുമെന്നു മകൾ വിശ്വസിച്ചിരുന്നു.

മകൾക്കു നീതി കിട്ടുന്നതിനുവേണ്ടി പോരാടുന്ന നേതാക്കൾ ഇരിക്കുന്ന സമരവേദിയിൽ ഇന്നലെ അമ്മയും എത്തി. അൻവർസാദത്ത് എംഎൽഎയെ കെട്ടിപ്പിടിച്ചു ഫാരിസ കരഞ്ഞു. അമ്മ മനസ്സിന്റെ വിങ്ങലുകൾ സമരക്കാരുടെ കണ്ണുകളും നിറച്ചു. ഒപ്പമുണ്ടയിരുന്ന ബെന്നി ബഹനാൻ എംപി, റോജി ജോൺ എംഎൽഎ എന്നിവർ ആശ്വാസ വാക്കുകൾ പറയാനാകാതെ വിഷമിച്ചു. മകൾ കോളജിൽ പോയിരിക്കുകയാണെന്നു കരുതാനാണു ഫാരിസക്കും ഭർത്താവ് ദിൽഷാദിനും ഇഷ്ടം. 'പപ്പാ...പാച്ചാ... ' എന്നു വിളിച്ച് ഓടിക്കയറി വരുന്ന മകളുടെ മുഖമാണ് ഇരുവരുടെയും മനസ്സിൽ. കണ്ടു കൊതി തീർന്നില്ല എന്റെ മോളെ. പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന നേതാക്കളുടെ മുന്നിൽ നെഞ്ചുപൊട്ടി ഉമ്മ പറഞ്ഞു.

മുത്തലാഖ് ചൊല്ലിയതു മകളെ വല്ലാതെ ഉലച്ചു. 2500 രൂപയാണ് അവൻ മകൾക്കു വിലയിട്ടത്. മുത്തലാഖ് നിരോധിച്ചതാണെന്നും ഏതറ്റം വരെ പോകാനും ഉമ്മ കൂടെയുണ്ടാവുമെന്നും അവളോടു പറഞ്ഞതാണ്. നല്ല ധൈര്യമുള്ള കുട്ടിയായിരുന്നു. അവൾ മാനസികമായി ഇത്ര തകർന്നു എന്ന് ഒരിക്കലും മനസ്സിലായിരുന്നില്ല. രാവിലെ 6.15നാണ് ഫാരിസയും ദിൽഷാദും സമരപ്പന്തലിൽ എത്തിയത്. 7 മണിയോടെ മടങ്ങുകയും ചെയ്തു. അതിനിടെ കേസ് എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്‌പി വി. രാജീവിനാണ് അന്വേഷണച്ചുമതല. കേസിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ആലുവ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

ആലുവ ഇൻസ്‌പെക്ടർ സുധീറിനെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്‌പി ഓഫിസിലേക്കു നടത്തിയ മാർച്ചിൽ ഓഫിസ് പരിസരം യുദ്ധക്കളമായി. 13 പേർക്കു പരുക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി.എച്ച്.അസ്ലം, നൗഷാദ് പാറപ്പുറം, ഹസ്സൻ ആരിഫ് ഖാൻ, റിസ്വാൻ, ഷിജു തോട്ടപ്പിള്ളി, കെ.എച്ച്.കബീർ എന്നിവർക്കു പരുക്കേറ്റു.