കൊച്ചി: മോഫിയ പർവീണിന്റെ മരണത്തിൽ ഭർത്താവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. കൂടുതൽ ശക്തമായ വകുപ്പുകൾ സുഹൈലിനെതിരെ ചുമത്തേണ്ടി വരും. പ്രണയ ചതിയിൽ കുടുക്കി നിക്കാഹ് ചെയ്ത ശേഷം മോഫിയയെ ദ്രോഹിക്കുകയായിരുന്നു അയാൾ. താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന വിവരം സഹപാഠികളിൽ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം.

കൂടുതൽ വെളുപ്പു നിറമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് സുഹൈൽ തന്നെ മൊഴി ചൊല്ലുന്നത് എന്നാണു മോഫിയ പറഞ്ഞത്. മുത്തലാഖ് ചൊല്ലുകയും ചെയ്തു. ഇത് നിയമവിരുദ്ധമാണ്. ലൈംഗിക വൈകൃതങ്ങൾക്കു വഴങ്ങിക്കൊടുക്കാതിരുന്നതും ഉപദ്രവിക്കുന്നതിന് കാരണമായി. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ അവശ്യം. ഭാര്യയുടെ സ്വകാര്യതകളിലേക്ക് പോലും ഇയാൾ നുഴഞ്ഞു കയറി. ഇതിൽ നിന്ന് നീതി തേടിയാണ് ആലുവ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. അവിടേയും നീതി കിട്ടിയില്ല. ഇതോടെ മരണമെന്ന വഴി തെരഞ്ഞെടുത്തു.

അതിനു സമ്മതിക്കാത്തതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം. സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഫിയയുടെ മരണം ഏൽപിച്ച ആഘാതത്തിലാണ് പല വിദ്യാർത്ഥികളും. ഇത് ശരിവയ്ക്കുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടും. മോഫിയ ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. സ്ത്രീധനത്തിനു വേണ്ടി യുവതിയെ ക്രൂരമായി മർദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭർത്താവിന്റെ മാതാവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ഭർത്താവ് സുഹൈൽ ഇവരെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഇന്നു കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. തുടർന്നായിരിക്കും ചോദ്യം ചെയ്യലും തെളിവെടുക്കലും. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേയ്ക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. അതിനിടെ പൊലീസ് സ്‌റ്റേഷനിൽ ഇവർക്കൊപ്പം എത്തിയ കോൺഗ്രസ് നേതാവ് അഫ്‌സലിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സിഐ സുധീറിനെ സസ്‌പെന്റു ചെയ്‌തെങ്കിലും ഈ പൊലീസുകാരനും കേസിൽ പ്രതിയല്ല.

കോൺഗ്രസ് നേതാവും സിഐയും സ്‌റ്റേഷനിൽ വച്ച് മോഫിയയോട് മോശമായി പെരുമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മോഫിയയയുടെ ആത്മഹത്യ. ഇന്നലെ മന്ത്രി പി. രാജീവ് മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടി മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. മന്ത്രി വീട്ടിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു നൽകിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാൻ ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തോടും അവരുടെ വികാരത്തോടുമൊപ്പമാണ് സർക്കാർ എന്നു പി. രാജീവ് പ്രതികരിച്ചു. സിഐയുടെ കാര്യത്തിൽ കർശന നടപടികൾ ഉണ്ടാകും. ഇക്കാര്യത്തിൽ വിട്ടു വീഴ്ചയുണ്ടാവില്ല എന്നു മാത്രമല്ല, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.