കൊച്ചി: മോഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പൊലീസ് എഫ്ഐആർ. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്ഐആറിൽ പറയുന്നു. ഇതോടെ കേസിൽ സുധീറിനേയും പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ കേസിൽ സുധീർ പ്രതിയല്ല. രണ്ടു ദിവസം മുമ്പ് സുധീറിനെ പൊലീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ് ഐ ആറിലെ പരമാർശം പുറത്താകുന്നത്.

വിവാഹസംബന്ധമായി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭർത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീർ കയർത്തു സംസാരിച്ചു. ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലാണ് സിഐ സുധീറിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മോഫിയ പർവീണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സുധീറിന്റെ നടപടികളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

ഭർതൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സിഐ സുധീർ സ്റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ മോഫിയ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭർതൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭർതൃപിതാവ് മൂന്നാം പ്രതിയുമാണ്.

ഇവർക്കൊപ്പം സിഐയേയും പ്രതിയാക്കണമെന്നാണ് ഉയരുന്ന ആവശ്യം. കോൺഗ്രസ് നേതാവായ അഫ്‌സലും മോഫിയയുടെ ഭർത്താവ് സുഹൈലിനൊപ്പം പൊലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നു. ഇയാളും മോശമായി പെരുമാറി. അതുകൊണ്ട് തന്നെ സുധീറിനേയും അഫസലിനേയും പ്രതിചേർക്കണമെന്നാണ് ആവശ്യം. നേരത്തെ കുട്ടിസഖാവാണ് പൊലീസ് സ്‌റ്റേഷനിൽ എത്തിയതെന്നായിരുന്നു ആരോപണം. ഇത് കോൺഗ്രസുകാരനാണെന്ന് തെളിയുകയും ചെയ്തു.

മോഫിയ പർവീണിനെ ഭർത്താവും കുടുംബാംഗങ്ങളും 45 ലക്ഷം രൂപ സ്ത്രീധനത്തുക ആവശ്യപ്പെട്ടു പീഡിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മോഫിയയെ മരുമകളെപ്പോലെയല്ല, വേലക്കാരിയെപ്പോലെയാണു പ്രതികൾ കണക്കാക്കിയതെന്നു പൊലീസ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അടിമയെ പോലെ ജോലി ചെയ്യിച്ചു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. മാനസിക ദൗർബല്യമുള്ള ആളായി ചിത്രീകരിക്കാൻ ശ്രമിച്ചു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു.

പള്ളി വഴി വിവാഹമോചനത്തിനു കത്തു നൽകി. വേറെ കല്യാണം കഴിക്കുമെന്നു സുഹൈൽ ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണു മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് എഫ് ഐ ആറും ചർച്ചകളിൽ എത്തുന്നത്.