ആലുവ: മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇതിന് വേണ്ടിയായിരുന്നു മകന്റെ ഭാര്യയെ പീഡിപ്പിച്ചത്. മൊഫിയയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ ഭർത്താവിനും കുടുംബത്തിനും എതിരെ പൊലീസ് നിർണ്ണായക തെളിവുകളും കണ്ടെത്തി. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരിൽ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. മൊഫിയയുടെ ശബ്ദസന്ദേശങ്ങളാണ് സംഘം പരിശോധിച്ചത്. തനിക്ക് വിവാഹത്തിനുശേഷം ലഭിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മൊഫിയ ഭർത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാൽ, ഇതിനൊന്നും വ്യക്തമായ മറുപടി സുഹൈൽ നൽകുന്നില്ല. ഇതെല്ലാം മോഫിയയെ മാനസികമായി വേദനിപ്പിച്ച് ഒഴിവാക്കാനായിരുന്നു.

മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ മൊഫിയയെ ഒത്തുതീർപ്പിന്റെ പേരിൽ സുഹൈൽ ആലുവ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി വഴി ചർച്ചയ്ക്ക് വിളിപ്പിച്ചു. എന്നാൽ, ചർച്ച മുഴുമിപ്പിക്കാതെ സുഹൈൽ ഇറങ്ങിപ്പോയി. കേസിലെ പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ഇതിനിടെയാണ് കൂടുതൽ തെളിവുകൾ പുറത്തു വരുന്നത്.

പൊലീസിന് കിട്ടിയ സന്ദേശങ്ങളിൽ 'സഹിക്കാനാവാത്ത പീഡനം മൂലം ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ താൽപര്യമില്ലെ'ന്നു പല ഘട്ടത്തിലും മോഫിയ ഭർത്താവിനോടു കരഞ്ഞു പറയുന്നുണ്ട്. എന്നാൽ, എല്ലാം മൂളിക്കേട്ടതല്ലാതെ സുഹൈൽ മറുപടി നൽകുന്നില്ല. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ കല്യാണം കഴിക്കാൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയതിനും ഡിവൈഎസ്‌പി വി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു.

പീഡനം കടുത്തതോടെ എടയപ്പുറത്തെ സ്വന്തം വീട്ടിലേക്കു മോഫിയ താമസം മാറിയിരുന്നു. തുടർന്നു പ്രശ്‌നങ്ങൾ സംസാരിച്ചു തീർപ്പാക്കി വീണ്ടും യോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിക്കു സുഹൈൽ കത്തു നൽകി. അതനുസരിച്ചു കമ്മിറ്റി ഇരുകൂട്ടരെയും വിളിപ്പിച്ചു. ഭർത്താവിനൊപ്പം പോകാൻ മോഫിയ തയാറായെങ്കിലും സുഹൈൽ അനുരഞ്ജന ചർച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മോഫിയ പിന്നാലെചെന്ന് കാലുപിടിച്ചിട്ടും ഫലമുണ്ടായില്ലെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി.

പള്ളിക്കമ്മിറ്റിക്കു കത്തു നൽകിയതു പിന്നീടു സ്വയം ന്യായീകരിക്കാനുള്ള പ്രതിയുടെ തന്ത്രമായിരുന്നു എന്നാണു പൊലീസ് നിഗമനം. ഡോക്ടറിൽ കുറഞ്ഞ ഒരാളെ മകൻ വിവാഹം ചെയ്തതിൽ ദേഷ്യം പ്രകടിപ്പിച്ചാണു സുഹൈലിന്റെ മാതാപിതാക്കൾ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.