- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി പൊലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്; മുത്തലാഖ് ചൊല്ലിയ ഭർത്താവിന്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നു; സിഐ സുധീറിന്റേത് വലിയ പിഴവ്; മോഫിയാ വിഷയത്തിൽ 'മുത്തലാഖ്' ചർച്ചയും
ആലുവ: മുത്തലാഖിനെതിരെ കേസെടുക്കാൻ പൊലീസിന് ഭയമോ? ഹലാൽ ഭക്ഷണ വിവാദത്തിനൊപ്പം ഇതും ചർച്ചയാക്കുകയാണ് കേരളത്തിലെ ബിജെപി. മോഫിയ പർവീണിന്റെ ആത്മഹത്യയിൽ ഇതും ചർച്ചയാവുകയാണ്. ആലുവയിൽ ഭർതൃ പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. മുത്തലാഖ് ചൊല്ലിയതു എന്ന് വ്യക്തമായ കേസിലാണ് സിഐ ആ പെൺകുട്ടിയെ അപമാനിച്ച് ആത്മഹത്യയ്ക്ക് തള്ളി വിട്ടത്.
ചെറിയ പിഴവുമാത്രമാണ് സുധീറിന് സംഭവിച്ചതെന്ന് പറഞ്ഞു വയ്ക്കുകയാണ് പൊലീസിലെ അന്വേഷകരും. അവരും മുത്തലാഖ് കേസിനെ കുറിച്ച് മിണ്ടുന്നില്ല. അതിനിടെയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശനവുമായി എത്തുന്നത്. രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയന്റെ പൊലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്... മുത്തലാഖ് ചൊല്ലിയ ഭർത്താവിന്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്...-വി മുരളീധരൻ ഫെയ്സ് ബുക്കിൽ കുറച്ചു.
മുസ്ലിം സഹോദരിമാരുടെ അവകാശ സംരക്ഷണത്തിന് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ നിയമനിർമ്മാണം, മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിർത്തത് ഇത്തരം നരാധമന്മാരെ സംരക്ഷിക്കാനാണ്..... ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ഭരണകക്ഷിയാണ് സംരക്ഷിക്കുന്നത് എന്നതിൽ തർക്കമില്ല.. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ.ജേക്കബ് തോമസിനെ പുസ്തകമെഴുതിയതിന് സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രിക്ക് ഒരു സിഐയുടെ കാര്യത്തിൽ കൈ വിറയ്ക്കുന്നതെന്ത് ?-മുരളീധരൻ ചോദിക്കുന്നു.
കേരളത്തിൽ മാറിമാറി ഭരിക്കുന്നവർ ഇത്തരം യൂണിഫോമിട്ട ക്രിമിനലുകളെ കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതാണ് ഈ സംരക്ഷണത്തിന്റെ കാരണം... മോഫിയയുടെ മരണത്തോടെ സിപിഎമ്മിന്റെ സ്ത്രീപക്ഷവാദത്തിന്റെ പൊള്ളത്തരം ഒരിക്കൽക്കൂടി വെളിച്ചത്തു വരികയാണ്...-എന്ന വിമർശനവും ഉയർത്തുന്നു. അതിനിടെ ഗാർഹിക പീഡന പരാതി നൽകാനെത്തിയ മോഫിയാ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.
സംഭവത്തിൽ ആലുവ ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി പി.സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം കമ്മിഷൻ സ്വയം കേസെടുക്കുന്നതുൾപ്പടെ പരിഗണിക്കും.മുൻപും ആരോപണവിധേയനായ സിഐ സുധീർ തെറ്റ് ആവർത്തിക്കുന്നതായാണ് മാധ്യമങ്ങളിലൂടെ മനസിലായത്. സംഭവത്തിൽ ആലുവ ഡിവൈഎസ്പി ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് സിഐ കുറ്റക്കാരനല്ല എന്ന രീതിയിലായിരുന്നു തുടർന്ന് എസ്പി നൽകിയ നിർദ്ദേശത്തെ തുടർന്ന് വിശദമായ റിപ്പോർട്ട് നൽകി. ഇതിൽ മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ സിഐയ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 29ന് മോഫിയയിൽ നിന്ന് ലഭിച്ച പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറി 25 ദിവസത്തിന് ശേഷമാണ് എന്തെങ്കിലും നടപടിയെടുത്തത്. മോഫിയ ആത്മഹത്യ ചെയ്ത ദിവസമാണ് കേസെടുത്തത്.എന്നാൽ തെറ്റ് തന്റെ ഭാഗത്തല്ലെന്നും അന്വേഷിക്കാൻ ഏൽപിച്ച ഉദ്യോഗസ്ഥന്റെ പക്കലാണെന്നും സിഐ വിശദീകരിച്ചിരുന്നു. നവംബർ 18ന് മോഫിയയെയും കുടുംബത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അന്ന് അസൗകര്യമായതിനാൽ 22നാണ് ഇവർ എത്തിയത്. അന്ന് മോഫിയയുടെ ഭർത്താവ് സുഹൈലിനെ സിഐയുടെ മുറിയിൽവച്ച് മോഫിയ അടിച്ചു. തുടർന്ന് സിഐ ശാസിച്ചതായും ഇതേ തുടർന്നാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചത്. മോഫിയയുടെ ആത്മഹത്യാ കുറിപ്പിലും സിഐയ്ക്കെതിരെ പരാമർശമുണ്ടായി.
തുടർന്ന് സിഐ സുധീറിനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. കേസിൽ മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ(27), ഇയാളുടെ മാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ