- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേട്ടതൊന്നുമല്ല സത്യം; അന്വേഷണം നടക്കട്ടെ'; സത്യത്തിന് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന് മോഫിയയുടെ ഭർതൃമാതാവിന്റെ പ്രതികരണം; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു
ആലുവ: ഗാർഹിക പീഡനത്തിന് ഇരയായതിനെ തുടർന്ന് നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കേട്ടതൊന്നുമല്ല സത്യം,അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരുമെന്നും സുഹൈൽ മാധ്യമങ്ങളോട് പറഞ്ഞു. സത്യത്തിന് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും, നല്ല സൗകര്യത്തോടെ ഇവിടെ ജീവിച്ച കുട്ടിയായിരുന്നുവെന്നും സുഹൈലിന്റെ മാതാവ് പ്രതികരിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ തെളിവെടുപ്പിനായി കോതമംഗലത്തെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം വീട്ടിൽ തെളിവെടുപ്പ് തുടർന്നു. ഈ വീട്ടിൽവച്ചാണ് താൻ ഗാർഹിക പീഡനത്തിനിരയായതെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതിയിലുണ്ടായിരുന്നത്.
ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു എന്നീ വിവരങ്ങളും പുറത്തുവന്നിരുന്നു.
നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നായിരുന്നായിരുന്നു ഇതിനോടുള്ള പൊലീസിന്റെ ആദ്യ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ