ആലുവ: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സുഹൈലും ഇയാളുടെ പിതാവ് യുസൂഫും മാതാവ് റുഖിയയയും ഇന്നാണ് കസ്റ്റഡിയിലായത്. പ്രതികൾ കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇന്ന് പുലർച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈകിട്ട് കോടതിയിൽ ഹാജരാക്കും.

റിപ്പോർട്ട് തേടി ഡിജിപി

മോഫിയയുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോർട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം. വിഷയത്തിൽ ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകണം എന്നും ഡിജിപി നിർദേശിക്കുന്നു.

പൊലീസിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ ആലുവയിൽ പെൺകുട്ടിയുടെ ആത്മഹത്യയിൽ സംഭവ സ്ഥലം നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയോട് ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്.