- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഫിയ പർവീണിന്റെ മരണം: കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ ചുമതല ഡിവൈഎസ്‌പി വി.രാജീവിന്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; മോഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച വന്നുവെന്നും പൊലീസ് റിപ്പോർട്ട്
കൊച്ചി: നിയമ വിദ്യാർത്ഥിനിയായ മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്‌പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐയ്ക്കെതിരെയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും.
മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ തന്നെ അന്വേഷണ റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ഡിവൈഎസ്‌പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർനടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡിഐജി നീരജ് കുമാർ ഗുപത നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തൽ. ആലുവ എസ്‌പിയും ഡിവൈഎസ്‌പിയും പരാതി ഒക്ടോബർ 29ന് തുടർ നപടികൾക്കായി ആലുവ ഈസ്റ്റ് സിഐ സി എൽ സുധീറിന് കൈമാറി. സുധീർ കേസിലെ തുടർ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാര്യമായ മേൽനോട്ടം ഉണ്ടായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സിഐ നൽകിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എൽപ്പിച്ചു. ഈ ഉദ്യോഗസ്ഥൻ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവിൽ നവംബർ 18ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നൽ അന്ന് പരീക്ഷയുടെ കാരണം പറഞ്ഞ് മോഫിയ ഹാജരായില്ലെന്നാണ് സിഐ വിശദീകരണ നൽകിയിട്ടുള്ളത്. എന്നാൽ ആത്മഹത്യ നടന്ന ദിവസം പൊലീസ് സ്റ്റേഷനിൽ വെച്ച് മൊഫിയയെ സിഐ സുധീർ അവഹേളിച്ചെന്ന ആരോപണം പൊലീസ് റിപ്പോർട്ടിൽ ഇല്ല.
കേസ് നടപടിയുടെ ഭാഗമായി മൊഫിയയെയും ഭർത്താവ് സുഹൈലിനെയും വിളിച്ചിരുന്നു. സിഐയുടെ മുറിയിൽ നടന്ന സംസാരത്തിനിടയിൽ സുഹൈൽ അപമര്യാദയായി സംസാരിച്ചതിൽ പ്രകോപിതയായി മൊഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. ഈ ഘട്ടത്തിൽ സിഐയ്ക്ക് ഉറക്കെ സംസാരിക്കണ്ടി വന്നു. ഇത്രമാത്രമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇത്തരം സാഹചര്യത്തൽ സമയോചിതമായി ഇടപെടുന്നതിൽ വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിഐജി നീരജ് കുമാർ ഗുപ്തയുടെ റിപ്പോർട്ട് തുടർ നടപടികൾക്കായി ഡിജിപിക്ക് കൈമൈാറിയിട്ടുണ്ട്.
അതേസമയം മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിലായി. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ(27) ഭർത്തൃപിതാവ് യൂസഫ്(63) ഭർത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. തുടർന്ന് മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു. അതിനിടെ, പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
പ്രതികൾ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയെ മർദിച്ചതായും പരാതിയുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ചൊവ്വാഴ്ച അർധരാത്രിയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവിൽപോയിരുന്നു. തുടർന്ന് കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ലേഖകന്.