കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികൾ ഇഖാമ പുതുക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തി പകർച്ചവ്യാധികളിൽ നിന്നും മറ്റും മുക്തമാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാക്ഷ്യപത്രം വേണമെന്നുള്ള വ്യവസ്ഥ മരവിപ്പിച്ചു. വൈദ്യപരിശോധനാ കേന്ദ്രങ്ങളിൽ ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് മന്ത്രാലയം വൈദ്യപരിശോധന വേണമെന്നുള്ള വ്യവസ്ഥ താത്ക്കാലികമായി മരവിപ്പിച്ചത്. വൈദ്യപരിശോധനയ്ക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതുവരെയാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതെന്ന് വക്താവ് വെളിപ്പെടുത്തി.

കൂടുതൽ പേർക്ക് ഒരുമിച്ച് വൈദ്യപരിശോധന നടത്താനുള്ള മെച്ചപ്പെട്ട സൗകര്യങ്ങളുമായി കേന്ദ്രങ്ങൾ ഉടൻ തന്നെ സജ്ജമാകുമെന്നും ആരോഗ്യമന്ത്രാലയം പൊതുആരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മാജിത അൽ ഖ്വത്താൻ ചൂണ്ടിക്കാട്ടി. പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയം ഗാർഹിക ജോലിക്കാർക്ക് വൈദ്യപരിശോധന നിർബന്ധമാക്കിയത്.

രാജ്യത്തിനു പുറത്തുപോയില്ലെങ്കിലും ഇഖാമ പുതുക്കണമെങ്കിൽ ഗാർഹികത്തൊഴിലാളികൾ വൈദ്യ പരിശോധന നടത്തണമെന്നാണ് പുതുതായി നിയമം കൊണ്ടുവന്നത്. ഇഖാമാ കാലാവധി തീരാൻ ചുരുങ്ങിയ സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊതുവെ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള നടപടി തൊഴിലുടമകൾ ആരംഭിക്കുക. പുതിയ സാഹചര്യത്തിൽ വൈദ്യപരിശോധനാ കേന്ദ്രത്തിലെ തിരക്ക് കാലാവധി അവസാനിക്കും മുൻപ് പുതുക്കൽ നടപടി പൂർത്തീകരിക്കാൻ തടസമായിരുന്നു്.ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു മാസത്തേക്കുള്ള താത്കാലിക വീസ അനുവദിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രശ്നം അവസാനിച്ചിരുന്നില്ല