റിയാദ്: വിഷൻ 2030- പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സ്വദേശികളെ ആരോഗ്യമേഖലയിൽ നിയമിക്കാൻ ആരോഗ്യമന്ത്രാലയം നീക്കം നടത്തുന്നു. നിലവാരവും യോഗ്യതയുമുള്ള സ്വദേശി ജീവനക്കാരെ ആരോഗ്യമേഖലയിൽ വിന്യസിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതോടെ ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം കരുതുന്നു. ആരോഗ്യമേഖലയിൽ നിയമിക്കുന്നവരുടെ പ്രകടനം വിലയിരുത്താനം ഹെൽത്ത് ലൈസൻസിന് വേണ്ടി പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും നീക്കമുണ്ട്. ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം നടപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2015-ലെ കണക്കനുസരിച്ച് രാജ്യത്ത് 38,548 ഡോക്ടർമാരാണുള്ളത്. ഇതിൽ 11,483 പേർ സൗദി സ്വദേശികളാണ്. ഡെന്റിസ്റ്റുകൾ 3357 എണ്ണം. ഇതിൽ 2082 സൗദികളുണ്ട്. അതായത് 62ശതമാനം സൗദികൾ. 91854 നഴ്സുമാരുള്ളതിൽ 64785 പേർ സൗദികളാണ്. മൊത്തം നഴ്സുമാരുടെ എണ്ണത്തിൽ 59.6ശതമാനം സൗദികൾ. 2914 ഫാർമസിസ്റ്റുകളിൽ 92.9 ശതമാനവും സ്വദേശികളാണ്. അതായത് 1631 പേർ. അസിസ്റ്റുമാരുടെ എണ്ണം 53077 ആണ്. ഇതിൽ 49307 പേർ സ്വദേശികൾ. അതായത് 92.9ശതമാനം.

റിപ്പോർട്ടുകൾ അനുസരിച്ച് 10,000 പേർക്ക് ശരാശരി 12.5 എന്ന തോതിൽ ഡോക്ടർമാരുണ്ട്. അതായത് 800 പേർക്ക് ഒരു ഡോക്ടർ. പതിനായിരം പേർക്ക് ശരാരി0.95 ഫാർമസിസ്റ്റുകളും. അതായത് 10559 പേർക്ക് ഒരു ഫാർമസിസ്റ്റ്. പതിനായിരം പേർക്ക് 29.85 നഴ്സുമാരുണ്ട്. ഓരോ 335 പേർക്കും ഒര നേഴ്സ് എന്നതോതിൽ ലഭ്യമാണ്. ടെലികോം മേഖലയ്ക്കു പിന്നാലെ ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം നടത്തുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഭാവി ഇരുട്ടിലാക്കുന്നതാണ്.