അബുദാബി: തൊഴിൽ സംബന്ധിയായ പരാതിയുണ്ടെങ്കിൽ ഒറ്റക്ലിക്കിൽ പരിഹാരം സാധിക്കും വിധത്തിൽ തൊഴിൽ മന്ത്രാലയം സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ നവീകരിക്കുന്നു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടപാടുകൾ പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കും വിധം 12 സേവനങ്ങളാണ് മന്ത്രാലയം സ്മാർട്ട് ഫോൺ വഴി ലഭ്യമാക്കുന്നത്. 

തൊഴിൽ സംബന്ധിച്ചും മറ്റും തൊഴിലാളികൾക്കു പരാതിയുണ്ടെങ്കിൽ അത് ഇനി സ്മാർട്ട് ഫോൺ വഴി പരിഹരിക്കാം. മന്ത്രാലയം കയറിയിറങ്ങി സമയം കളയേണ്ട ആവശ്യമില്ല. കൈയിലുള്ള സ്മർട്ട് ഫോൺ വഴി മന്ത്രാലയ വെബ്‌സൈറ്റിൽ കയറി പരാതികളും മറ്റം നൽകിയാൽ ഉടൻ അധികൃതരുടെ പക്കലെത്തും. കമ്പനികൾക്കും ഇടപാടുകാർക്കും സമയനഷ്ടം കൂടാതെ കാര്യങ്ങൾ നിർവഹിക്കാൻ പുതിയ സംവിധാനം മൂലം സാധിക്കും. കൂടാതെ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും രഹസ്യസ്വഭാവം ചോരാതെയും കാര്യങ്ങൾ നടത്താൻ ഇതുവഴിയൊരുക്കും.

തൊഴിൽ പരിശോധനാ കാര്യങ്ങളും പുതിയ സംവിധാനത്തിൽ കീഴിൽ വരും. തൊഴിലുടമകൾക്കു സ്ഥാപനങ്ങളുടെ ലൈസൻസിന്റെ ഭാഗമായുള്ള പരിശോധനയ്ക്കുള്ള അപേക്ഷകളും മൊബൈൽ ഫോൺ വഴി ലഭ്യമാകും. സ്‌പോൺസർക്കും ഈ സേവനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

തൊഴിലുടമ നൽകിയ വ്യാജ പരാതികൾ മൂലം പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്കും ഇതു ആശ്വാസകരമാണ്. ഒരിക്കൽ നൽകിയ തൊഴിൽ പെർമിറ്റുകൾ മാറ്റാനും താൽക്കാലിക വീസകൾ റദ്ദാക്കാനും സ്മാർട് ഫോൺ സേവനം മതിയാകും.