തിരുവനന്തപുരം: അടുത്തിടെ രാജ്യം ചർച്ച ചെയ്ത വിവാദ വിഷയങ്ങളിലൊന്നാണു ജെഎൻയുവിലെ അഫ്‌സൽ ഗുരു അനുസ്മരണം. വ്യാജ വീഡിയോ നിർമ്മിച്ചു വിദ്യാർത്ഥികൾക്കെതിരെ പ്രചാരണം നടത്തുകയും തുടർന്ന് യൂണിയൻ നേതാവായ കനയ്യ കുമാറിനെ രാജ്യദ്രോഹിയെന്നു മുദ്ര കുത്തിയെന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, കനയ്യയെ കോടതി മോചിപ്പിച്ചിരുന്നു. കോടതി വിട്ടയച്ചിട്ടും ജെഎൻയു വിഷയം ഏറ്റുപിടിച്ച സംഘപരിവാർ സംഘടനകൾ കനയ്യ കുമാറിനെയും സുഹൃത്തുക്കളെയും രാജ്യദ്രോഹികളാക്കിയാണു ചിത്രീകരിക്കുന്നത്. ഇപ്പോഴിതാ ഇതേറ്റു പിടിച്ചു മുസ്ലിം ലീഗും രംഗത്തെത്തിയിരിക്കുന്നു.

ജെഎൻയു വിദ്യാർത്ഥിയും പട്ടാമ്പി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് മുഹ്‌സിനെതിരെ ലീഗ് മുഖപത്രം ചന്ദ്രിക നൽകിയ റിപ്പോർട്ടിലാണ് ആർഎസ്എസ് ആശയങ്ങൾ അറിഞ്ഞോ അറിയാതെ നൽകിയിരിക്കുന്നത്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും വഴിതെളിച്ചു കഴിഞ്ഞു.

'രാജ്യദ്രോഹിയായി സുപ്രീം കോടതി തൂക്കിലേറ്റാൻ വിധിച്ച അഫ്‌സൽ ഗുരുവിനെ , രാജ്യസ്‌നേഹിയായി വാഴ്‌ത്തി ഒരു പട്ടാമ്പിക്കാരൻ' എന്നാണു പത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'രാജ്യദ്രോഹിക്ക് വേണ്ടി രാജ്യത്തിന്റെ അഭിമാനമായ ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ മുദ്രാവാക്യം വിളിച്ച ആളാണു പുതിയ അവതാര'മെന്നും വിശേഷണമുണ്ട്. പെട്ടെന്നു കേൾക്കുമ്പോൾ ആർഎസ്എസിന്റെ ജന്മഭൂമിയിലോ ഓർഗ്ഗനൈസറിലൊ വന്ന വാർത്തയാണെന്നു തോന്നുമെങ്കിലും മതനിരപേക്ഷ പാർട്ടി എന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന മുസ്ലിം ലീഗിന്റെ പത്രത്തിലാണ് ഇത്തരമൊരു വാദം ഉന്നയിക്കുന്നത്.

ജെഎൻയുവിൽ ഡിഎസ് യു  എന്ന വിദ്യാർത്ഥി സങ്കടനയുടെ നേതൃത്വത്തിലാണു അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയത്. അവരുമായി സഘടനാപരമായി ഒരു ബന്ധവും ഇല്ലാത്ത സ്റ്റുഡന്റ് യൂണിയൻ നേതാവ് കനയ്യ കുമാറിനെ കൃത്രിമ വീഡിയോ ചമച്ചു രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതു ലോകമെങ്ങും ചർച്ചയാകുകയും ചെയ്തിരുന്നു. കൃത്രിമ വീഡിയോ നിർമ്മിച്ചവർക്ക് എതിരെ ഡൽഹി സർക്കാർ കേസുമായി മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ട്.

ഇതിനു പിന്നാലെയാണു ജെഎൻയു വിഷയത്തിൽ കോടതി മോചിപ്പിച്ചവരെ രാജ്യദ്രോഹികളാക്കി മുസ്ലിം ലീഗും രംഗത്തെത്തിയിരിക്കുന്നത്. ആർഎസ്എസും മുസ്ലിം ലീഗും തമ്മിൽ സഖ്യം മാത്രമല്ല, ആശയങ്ങൾ തമ്മിൽ തമ്മിൽ പോലും വളരെ പൊരുത്തമെന്നാണു സോഷ്യൽ മീഡിയയിലെ ചർച്ച.

1991 ൽ ലീഗിന്റെ ലേബലിൽ ആർഎസ്എസ് സൈദ്ധാന്തികൻ മാധവൻ കുട്ടിയെ ബേപ്പൂർ മണ്ഡലത്തിൽ മൽസരിപ്പിക്കാൻ മുൻ കൈ എടുത്തത് , മുസ്ലിം ലീഗ് നേതാവു ഷിഹാബ് തങ്ങളാണെന്നതും കേരളത്തിലെ 'മതേതരത്വം നില നിറുത്താൻ ' എന്നാണു മുസ്ലിം ലീഗ് പറയുന്നതെന്നും വാദങ്ങൾ സൈബർ ലോകം ഉയർത്തുന്നുണ്ട്.

പട്ടാമ്പിയിലെ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്‌സിനും , മുഹ്‌സിന്റെ കൂട്ടുകാരൻ കനയ്യ കുമാറും അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയൊ ? അഫ്‌സൽ ഗുരുവിനു ജയ് വിളിച്ചോ? ഉണ്ടെങ്കിൽ എപ്പോൾ എന്നുകൂടി നിങ്ങൾ പറയണമെന്നു മുസ്ലിം ലീഗിനു വേണ്ടി വാദിക്കുന്ന സൈബർ ലീഗുകാരോട് ചോദ്യം ഉയർന്നിട്ടുണ്ട്. ഇല്ല എന്നാണെങ്കിൽ പട്ടാമ്പിയിലെ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്‌സിനെ രാജ്യദ്രോഹി ആക്കിയതിൽ മുസ്ലിം ലീഗ് മാപ്പ് പറയണമെന്നും ആവശ്യമുയരുന്നു.