കോഴിക്കോട്: ചാനലിന്റെ തെരഞ്ഞെടുപ്പു പരിപാടിക്കിടെ 'പാക്കിസ്ഥാനിലേക്കു പോടാ' എന്ന് ആക്രോശിച്ച ബിജെപി പ്രവർത്തകർക്കെതിരെ സിപിഐ(എം) നേതാവ് മുഹമ്മദ് റിയാസിന്റെ പരാതി. റിപ്പോർട്ടർ ചാനലിന്റെ ഇലക്ഷൻ പ്രത്യേക പരിപാടി കേരള കുരുക്ഷേത്രയ്ക്കിടെയാണു 'പാക്കിസ്ഥാനിലേക്കു പോടാ' എന്നു റിയാസിനെതിരെ ബിജെപി പ്രവർത്തകർ പറഞ്ഞത്.

ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ മതസ്പർധ ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായാണ് തന്നോട് പാക്കിസ്ഥാനിലേക്ക് പോകാൻ ബിജെപി പ്രവർത്തകർ ആക്രോശിച്ചതെന്ന് മുഹമ്മദ് റിയാസ് പരാതിയിൽ പറയുന്നു. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനിലാണ് ബിജെപി പ്രവർത്തകർക്കെതിരെ റിയാസ് പരാതി നൽകിയത്.

ഈ വിഷയം ബിജെപിക്കെതിരെ പ്രചാരണ ആയുധമാക്കാൻ സിപിഐ(എം) തീരുമാനിച്ചിട്ടുണ്ട്. ഇതെത്തുടർന്നു സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരാതി നൽകിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ചർച്ചയ്ക്കിടെയാണ് പ്രകോപനവുമായി ബിജെപി പ്രവർത്തവർ രംഗത്തെത്തിയത്. കോൺഗ്രസ്-ലീഗ്-ബിജെപി (കോ-ലീ-ബി) സഖ്യത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പരാമർശിക്കുന്നതിനിടെയാണു സദസിലിരുന്ന ഒരു ബിജെപി പ്രവർത്തകൻ 'പാക്കിസ്ഥാനിലേക്ക് പോടാ' എന്ന് ആക്രോശിച്ചത്. എന്നാൽ ഇന്ത്യയിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങൾക്ക് ഗുജറാത്തിലേക്ക് പോകാമെന്നും മുഹമ്മദ് തിരിച്ചടിച്ചു.

ഇതൊരു പൊതു ചർച്ചയാണെന്നും മുസ്ലിം ആയതിന്റെ പേരിൽ ഒരാളോട് പാക്കിസ്ഥാനിലേക്ക് പോകണമെന്നും പറയുന്ന രീതി ചർച്ചയിൽ അനുവദിക്കില്ലെന്ന് പരിപാടിയുടെ അവതാരകൻ നിഷാദ് റാവുത്തറും വ്യക്തമാക്കി. ഇതോടെ പത്തോളം പ്രാദേശിക ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പരിപാടി അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ ബിജെപി പ്രവർത്തകർ മുഹമ്മദ് റിയാസിനേയും നിഷാദിനേയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

അസഹിഷ്ണുത കേരളത്തിലേക്കും പടരുന്നതിന്റെ തെളിവാണിതെന്നും റിയാസ് വ്യക്തമാക്കി. എൽഡിഎഫിനായി മുഹമ്മദ് റിയാസും യുഡിഎഫിനായി കെ സി അബുവും എൻഡിഎയ്ക്കായി ജയചന്ദ്രനുമാണു ചർച്ചയിൽ പങ്കെടുത്തിരുന്നത്.