- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരായ ആമിറിന്റെ വിമർശനം; ബ്ലാക്ക്‌മെയിൽ ചെയ്ത് ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമം; ബ്രിട്ടീഷ് പൗരത്വവും ഐപിഎൽ മോഹവും എല്ലാം വ്യക്തമാക്കുന്നുവെന്ന് മുൻ താരം ഡാനിഷ് കനേരിയ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് എതിരായ തുടർച്ചയായ പ്രസ്താവനയിലൂടെ ബ്ലാക്ക്‌മെയിൽ ചെയ്ത് ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമമാണ് മുഹമ്മദ് ആമിർ നടത്തുന്നതെന്ന ആരോപണവുമായി മുൻ പാക് താരം ഡാനിഷ് കനേരിയ രംഗത്ത്. ബ്രിട്ടീഷ് പൗരത്വം നേടാനും ഐപിഎൽ കളിക്കാനുമുള്ള മോഹം തുറന്നുപറഞ്ഞതിലൂടെ എല്ലാം വ്യക്തമാണെന്നും കനേറിയ വ്യക്തമാക്കി.
അർഹിക്കുന്ന ബഹുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് വിരമിച്ചതെന്ന് ആമിർ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. യുവതാരങ്ങൾക്ക് മതിയായ അവസരം ഉറപ്പാക്കി അവരെ വളർത്തിയെടുക്കുന്നതിൽ പിസിബി വീഴ്ച വരുത്തുന്നുവെന്നും അടുത്തിടെ ആമിർ വിമർശനമുയർത്തിയിരുന്നു.
പാക്ക് ബോർഡിനെതിരെ ആമിർ തുടർച്ചയായി രംഗത്തെത്തുന്നതിനിടെയാണ് ആമിറിനെ വിമർശിച്ച് ഡാനിഷ് കനേറിയയുടെ രംഗപ്രവേശം. 'മുഹമ്മദ് ആമിർ പറഞ്ഞതിനെ തിരുത്താനൊന്നും ഞാനില്ല. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. മറ്റുള്ളവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനാണ് ആമിറിന്റെ ശ്രമമെന്ന് എനിക്കു തോന്നുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറാനും അവിടുത്തെ പൗരത്വം നേടാനും ഐപിഎലിൽ കളിക്കാനുമൊക്കെയുള്ള ആഗ്രഹം തുറന്നുപറഞ്ഞതിൽ തന്നെ എല്ലാം വ്യക്തം' കനേറിയ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ആമിറിനൊപ്പം ഉറച്ചുനിന്നവരാണ് പാക്ക് ബോർഡെന്നും കനേറിയ ചൂണ്ടിക്കാട്ടി.
'വാതുവയ്‌പ്പ് വിവാദത്തിൽ അകപ്പെട്ടിട്ടും ദേശീയ ടീമിൽ വീണ്ടും ഇടം നൽകാൻ മാത്രം കാരുണ്യം കാണിച്ചവരാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലുള്ളതെന്ന് ആമിർ മറക്കരുത്. പക്ഷേ, കഴിഞ്ഞ ഒന്നര വർഷക്കാലമായി ആമിറിന്റെ പ്രകടനം തീർത്തും മോശമാണ്. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിനുശേഷം അദ്ദേഹത്തിന്റെ പ്രകടനം തീർത്തും മോശമായി' കനേറിയ ചൂണ്ടിക്കാട്ടി.
'ഇനി ഈ മാനേജ്‌മെന്റിനൊപ്പം സഹകരിക്കാനില്ല എന്നാണ് ഒരിക്കൽ ടീമിനു പുറത്തായപ്പോൾ ആമിർ പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തിൽ ആമിറിനെ കൈവിടാതിരുന്നവരാണ് അവരെന്ന് മറക്കരുത്. മിസ്ബ ഉൾ ഹഖ്, മുഹമ്മദ് ഹഫീസ് തുടങ്ങിയവരിൽ സമ്മർദ്ദം ചെലുത്തിയാണ് അവരുടെ പിന്തുണയോടെ ആമിറിനെ തിരികെ ടീമിലെത്തിച്ചത്. ചില കമന്റേറ്റർമാർ പോലും ആമിറിന് എതിരായിരുന്നു. കമന്ററി ഉപജീവന മാർഗമായതിനാൽ അവരിൽ പലരും പിന്നീട് ആമിറിനെ പിന്തുണച്ചു' കനേറിയ പറഞ്ഞു.